എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് അനുകൂലമാണെങ്കിലും, പിണറായി സർക്കാർ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും വീണ്ടും അധികാരത്തിൽ വരുമെന്നാണ് തന്റെ കണക്കുകൂട്ടലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. സർവേ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും പാവപ്പെട്ടവർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി ഇടതുസർക്കാർ ചെയ്ത സഹായങ്ങൾ ഫലത്തിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് മുസ്ലിം ലീഗായിരിക്കുമെന്നും, അത്തരമൊരു സാഹചര്യം സംസ്ഥാനത്ത് അരാജകത്വത്തിനും മാറാട് മോഡൽ അക്രമങ്ങൾ ആവർത്തിക്കുന്നതിനും കാരണമാകുമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് സംസാരിക്കവെ മുന്നറിയിപ്പ് നൽകി. ഇടതുപക്ഷം പരാജയപ്പെട്ടാൽ അത് ജനാധിപത്യത്തിന്റെ തോൽവിയും മതാധിപത്യത്തിന്റെ വിജയവുമായിരിക്കുമെന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ലീഗ് നേതാക്കൾ മുൻകൂട്ടി അഭിപ്രായം പറഞ്ഞതിനെ വെള്ളാപ്പള്ളി രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിൽ നിന്ന് ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് ആ പാർട്ടിയും അവരുടെ പാർലമെന്ററി പാർട്ടി യോഗവുമാണ്. എന്നാൽ സതീശന്റെ പിന്നിലെ ശക്തി ലീഗാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം പ്രസ്താവനകൾ. സതീശൻ ലീഗിന്റെ വക്താവായാണ് നിലകൊള്ളുന്നതെന്നും ലീഗ് ഭരണം വന്നാൽ ഉണ്ടാകാനിടയുള്ള കുഴപ്പങ്ങൾ മുൻകൂട്ടി ഊഹിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 60 ലക്ഷം പേർക്ക് 4000 രൂപ വീതം നൽകിയതടക്കമുള്ള ക്ഷേമപ്രവർത്തനങ്ങൾ സർക്കാരിന് തുണയാകുമെന്നും എന്നാൽ അന്തിമ ഫലത്തിനായി മെയ് നാല് വരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.



