എക്സിറ്റ് പോൾ ഫലങ്ങൾ ഇടതുമുന്നണിക്ക് വലിയ വിജയസാധ്യതയാണ് കൽപ്പിക്കുന്നതെന്നും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവകാശപ്പെട്ടു. സർവേ ഫലങ്ങൾ പരിശോധിച്ചാൽ അഞ്ചോ എട്ടോ സീറ്റുകളുടെ വ്യത്യാസത്തിൽ ഇടതുപക്ഷത്തിന് ഭരണം നിലനിർത്താൻ കഴിയുമെന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ പിണറായി വിജയനാണെന്ന് സർവേകൾ അടിവരയിടുന്നത് അദ്ദേഹത്തിന് ജനങ്ങൾക്കിടയിലുള്ള വലിയ അംഗീകാരമാണ് കാണിക്കുന്നത്. സംസ്ഥാനത്ത് എവിടെയും ഭരണവിരുദ്ധ വികാരമില്ലെന്ന് എല്ലാവരും സമ്മതിച്ചു കഴിഞ്ഞതായും, 100 സീറ്റുകൾ ലഭിക്കുമെന്ന യുഡിഎഫ് വാദം വെറും പാഴ്വാക്കാണെന്ന് സർവേകളിലൂടെ തെളിഞ്ഞതായും അദ്ദേഹം പരിഹസിച്ചു.
കേരളത്തിൽ ബിജെപിക്ക് 14 സീറ്റുകൾ വരെ ലഭിക്കുമെന്ന സർവേ റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞ എം.വി. ഗോവിന്ദൻ, ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. ചില മാധ്യമങ്ങൾ യുഡിഎഫിനെ എങ്ങനെയെങ്കിലും ജയിപ്പിച്ചെടുക്കണമെന്ന ആത്മനിഷ്ഠമായ താൽപ്പര്യത്തോടെയാണ് സർവേകൾ പുറത്തുവിട്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം റിപ്പോർട്ടുകളെക്കാൾ ഉപരിയായി തങ്ങൾക്ക് വിശ്വാസം ജനങ്ങളിലാണെന്നും ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. യാതൊരുവിധ ആശങ്കയുമില്ലാതെ എൽഡിഎഫ് വിജയം ഉറപ്പിക്കുകയാണെന്നും ജൂൺ നാലാം തീയതി ഫലം വരുമ്പോൾ യഥാർത്ഥ ജനവികാരം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



