രാജ്യത്തെ പുകവലിക്കാർക്ക് ഇരുട്ടടിയായി സിഗരറ്റ് വില വീണ്ടും കുത്തനെ കൂടാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. പ്രമുഖ സിഗരറ്റ് നിർമ്മാതാക്കളായ ഐടിസിയും ഗോഡ്ഫ്രെ ഫിലിപ്സും തങ്ങളുടെ വിവിധ ബ്രാൻഡുകൾക്ക് 17 ശതമാനം വരെ വില വർദ്ധിപ്പിക്കാനാണ് ഒരുങ്ങുന്നത്. പുതുക്കിയ വില 2026 മെയ് മാസം മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ എക്സൈസ് ഡ്യൂട്ടി 30 മുതൽ 40 ശതമാനം വരെ വർദ്ധിപ്പിച്ചതിനെത്തുടർന്ന് സിഗരറ്റുകൾക്ക് നേരത്തെ വില കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില വർദ്ധനവിനുള്ള നീക്കം നടക്കുന്നത്. പുതിയ മാറ്റം വരുന്നതോടെ നിലവിൽ ഒരു പാക്കറ്റിന് 115 രൂപയുള്ള ഗോൾഡ് ഫ്ലേക്ക് പ്രീമിയത്തിന് 135 രൂപ വരെയായേക്കാം. കിംഗ് സൈസ് സിഗരറ്റുകൾക്ക് ഒന്നിന് 20 രൂപയുണ്ടായിരുന്നത് 25 മുതൽ 28 രൂപ വരെയായി ഉയരാനും സാധ്യതയുണ്ട്. പ്രീമിയം ബ്രാൻഡുകൾക്ക് പുറമെ സാധാരണ ബ്രാൻഡുകളെയും ഈ വിലക്കയറ്റം ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തുടർച്ചയായ വില വർദ്ധനവ് സിഗരറ്റ് വിപണിയെ പ്രതിസന്ധിയിലാക്കുന്നു എന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. ഏപ്രിലിലെ കണക്കുകൾ പ്രകാരം സിഗരറ്റ് വിൽപനയിൽ 20 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐടിസിയുടെ ക്ലാസിക്, ഗോൾഡ് ഫ്ലേക്ക് കിംഗ്സ്, ഗോഡ്ഫ്രെ ഫിലിപ്സിന്റെ മാർൽബോറോ തുടങ്ങിയ പ്രീമിയം ബ്രാൻഡുകളെയാണ് വിൽപനയിലെ ഈ കുറവ് കാര്യമായി ബാധിച്ചത്. കമ്പനികളുടെ ആകെ വരുമാനത്തിന്റെ 30 ശതമാനത്തിലധികം വരുന്നത് കിംഗ് സൈസ് വിഭാഗത്തിൽ നിന്നായതിനാൽ വിൽപന കുറയുന്നത് ലാഭത്തെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. വില കൂടിയതോടെ പല സ്ഥിരം പുകവലിക്കാരും വില കുറഞ്ഞ ബ്രാൻഡുകളിലേക്ക് മാറുന്നതായും വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പുതിയ വില വർദ്ധനവിനെക്കുറിച്ച് ഐടിസി അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും വിപണിയിൽ ആശങ്ക ശക്തമാണ്. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് നിലനിൽക്കെ തന്നെയാണ് ഈ സാമ്പത്തിക മാറ്റങ്ങൾ സംഭവിക്കുന്നത്.



