‘റീച്ച് യു’ എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനി നിർമ്മിച്ച് ‘AI കവല’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ട, ഏറെ ജനശ്രദ്ധ നേടിയ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ മെറ്റ ഇന്ത്യയിൽ ലഭ്യമാകാത്ത വിധം നിയന്ത്രിച്ചു. നിലവിലെ ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇൻസ്റ്റഗ്രാം നടപടിയെടുത്തിരിക്കുന്നത്. വീഡിയോ പേജിൽ നിന്ന് നീക്കിയ വിവരം അക്കൗണ്ട് ഉടമകൾ തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. ഇന്ത്യയിൽ ലഭ്യമായില്ലെങ്കിലും വിദേശരാജ്യങ്ങളിൽ നിന്ന് ഇപ്പോഴും വീഡിയോ കാണാൻ സാധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ 1.78 കോടിയോളം ആളുകളാണ് ഈ അക്കൗണ്ടിലൂടെ മാത്രം വീഡിയോ കണ്ടത്.
മികച്ച രീതിയിൽ ഡാൻസ് ചെയ്യുന്ന മോഹൻലാലിനെയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയെയുമെല്ലാം അപേക്ഷിച്ച് താൻ മികച്ച രീതിയിലാണ് വീഡിയോയിൽ ഡാൻസ് ചെയ്യുന്നതെന്നും കണ്ട് ഞെട്ടിപ്പോയെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ തമാശരൂപേണ മുൻപ് പ്രതികരിച്ചിരുന്നു. എന്നാൽ വീഡിയോയിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനെക്കുറിച്ച് മെറ്റ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല. പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ച വീഡിയോയ്ക്ക് മുഖ്യമന്ത്രിയടക്കം ആരിൽ നിന്നും നെഗറ്റീവ് അഭിപ്രായങ്ങൾ ഉണ്ടായിരുന്നില്ലെന്ന് നിർമ്മാതാവ് അഭിജിത്ത് വ്യക്തമാക്കി.



