തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് നേരെ പ്രാദേശിക ടാക്സി ഡ്രൈവർമാരുടെ അതിക്രമം. പത്തനംതിട്ട സ്വദേശിയായ റിയാസിനെയാണ് ഒരു സംഘം തടഞ്ഞുനിർത്തുകയും വാഹനത്തിന്റെ ടയറുകളിൽ അള്ള് വെച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. ഈ മാസം 18-ന് വർക്കല ഹെലിപാടിന് സമീപം വെച്ചായിരുന്നു സംഭവം. ടൂറിസ്റ്റുകളുമായി ആലപ്പുഴയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ റിയാസിനെ തടഞ്ഞ സംഘം അസഭ്യം പറയുകയും വാഹനം മുന്നോട്ടെടുത്തപ്പോൾ ടയറുകൾക്ക് താഴെ അള്ള് വെക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
വാഹനത്തിന് ടൂറിസ്റ്റുകളെ കൊണ്ടുപോകാനുള്ള പെർമിറ്റ് ഇല്ലെന്ന് ആരോപിച്ചായിരുന്നു തടഞ്ഞുവെക്കൽ. എന്നാൽ ആക്രമണം നടക്കുമ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടി അക്രമിസംഘത്തിനൊപ്പം ഉണ്ടായിരുന്നുവെന്ന ഗുരുതരമായ ആരോപണവും റിയാസ് ഉന്നയിച്ചിട്ടുണ്ട്. വർക്കലയിൽ കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ സ്വകാര്യ ടൂർ ഓപ്പറേറ്ററെ തടഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിനോദസഞ്ചാര മേഖലയിൽ ഓൺലൈൻ ടാക്സികൾക്ക് നേരെയുള്ള ഇത്തരം തുടർച്ചയായ അതിക്രമങ്ങൾ സഞ്ചാരികൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.



