കോൺഗ്രസിൽ ആവേശപൂർവ്വം നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ കടുത്ത മുന്നറിയിപ്പുമായി മുസ്ലിം ലീഗ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനും അധികാരം ലഭിക്കുന്നതിനും മുൻപേ സ്ഥാനമാനങ്ങൾക്കായി കടിപിടി കൂടുന്നത് യുഡിഎഫിന്റെ രീതിയല്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി. കടുത്ത വേനലിലും കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് പ്രവർത്തകരുടെ ത്യാഗത്തെ വിസ്മരിച്ചുകൊണ്ട് ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും ഇതിൽ ലീഗിന് ശക്തമായ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഹൈക്കമാൻഡ് ഇടപെട്ട് നിയന്ത്രിക്കണമെന്നും മെയ് നാലിന് ശേഷം മുന്നണി ഒറ്റക്കെട്ടായി തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുഡിഎഫ് യോഗം ചേർന്ന് മുഖ്യമന്ത്രി സ്ഥാനം ലീഗിന് നൽകാൻ തീരുമാനിച്ചാൽ അത് വേണ്ടെന്ന് വെക്കില്ലെന്നും അദ്ദേഹം തമാശരൂപേണ പ്രതികരിച്ചു.
സിപിഐഎം പരാജയഭീതിയിലാണെന്നും അതിന്റെ തെളിവാണ് കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലെ ബിജെപി ഡീൽ ആരോപണങ്ങളെന്നും സലാം ആരോപിച്ചു. യഥാർത്ഥത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മിലാണ് അവിശുദ്ധ കൂട്ടുകെട്ടുള്ളത്. പരാജയം ഉറപ്പായ ഘട്ടത്തിൽ കുപ്രചരണങ്ങൾ നടത്തുന്നത് സിപിഐഎമ്മിന്റെ പതിവ് ശൈലിയാണെന്നും അദ്ദേഹം വിമർശിച്ചു.



