യു.എ.ഇയെ ലക്ഷ്യമിട്ട് ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതിനെത്തുടർന്ന് ഇറാനുമായുള്ള എല്ലാവിധ വ്യാപാര, ധനകാര്യ ഇടപാടുകളും സാമ്പത്തിക പ്രവർത്തനങ്ങളും നിർത്തിവെച്ചതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഇറാൻ തൊടുത്ത മിസൈലുകൾ സമുദ്ര ഗതാഗതത്തെയും കപ്പലുകളെയുമാണ് ലക്ഷ്യമിട്ടിരുന്നതെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം വിലയിരുത്തി. യു.എ.ഇയുടെ വ്യോമസേന പ്രതിരോധ സംവിധാനങ്ങൾ സജീവമായതിനെ തുടർന്ന് രാജ്യത്തുടനീളം അടിയന്തര മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു. ഇതിൽ ഒരു മിസൈൽ രാജ്യത്തിന് പുറത്തും രണ്ടാമത്തേത് യു.എ.ഇ സമുദ്ര അതിർത്തിക്കുള്ളിലുമാണ് പതിച്ചത്.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതോടെ ജാഗ്രതാ നിർദ്ദേശം അധികൃതർ പിൻവലിക്കുകയും ജനങ്ങൾ പരിഭ്രാന്തരാകാതെ ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെ വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഫ്ര അൽ ഹാമേലിയാണ് സാമ്പത്തിക ഉപരോധം സംബന്ധിച്ച സ്ഥിരീകരണം നൽകിയത്. ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞ അവർ, മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും പരസ്പര ചർച്ചകൾക്കും സഹകരണത്തിനും മാത്രമാണ് യു.എ.ഇ മുൻഗണന നൽകുന്നതെന്നും വ്യക്തമാക്കി.



