India Mirror News

മുള്ളൻപന്നി മാംസവുമായി രണ്ടുപേർ പിടിയിൽ

മുള്ളൻപന്നി മാംസവുമായി രണ്ടുപേർ പിടിയിൽ

കോതമംഗലം: നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ച് പരിധിയിലെ ഇഞ്ചത്തൊട്ടി സംരക്ഷിത വനത്തിൽ നിന്നും മുള്ളൻപന്നിയെ വേട്ടയാടി മാംസം വിൽപ്പന നടത്താൻ ശ്രമിച്ച ആദിവാസി വിഭാഗത്തിൽപ്പെട്ട രണ്ട് പേരെ വനപാലകർ പിടികൂടി. ഇഞ്ചത്തൊട്ടി മുതുവാൻപാറ ഭാഗത്ത് താമസിക്കുന്ന പിണവൂർകുടി ഉന്നതി സ്വദേശി സുനിൽ (50), മാമലകണ്ടം ഏണിപ്പാറ ഉന്നതി സ്വദേശി രാജു പൊന്നപ്പൻ (45) എന്നിവരെയാണ് വനപാലക സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ഇഞ്ചത്തൊട്ടി–നേര്യമംഗലം റോഡിൽ വെച്ച് ഏഴ് കിലോ മുള്ളൻപന്നി മാംസവുമായി നേര്യമംഗലത്തേക്ക് വിൽപ്പനയ്ക്കായി പോകുന്നതിനിടയിലാണ് ഇവർ പിടിയിലാകുന്നത്. ആ വഴി വന്ന വനപാലകർക്ക് തോന്നിയ സംശയത്തെ തുടർന്ന് ഇവർ കൈവശം വച്ചിരുന്ന ചാക്ക് പരിശോധിച്ചപ്പോഴാണ് മാംസം കണ്ടെത്തിയത്.

തുടർന്ന് വനപാലകർ നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ മുതുവാൻപാറയിലെ തങ്ങളുടെ താമസസ്ഥലത്തിന് സമീപത്തുനിന്നും സ്റ്റീൽ കേബിൾ കമ്പി ഉപയോഗിച്ച് കെണിയൊരുക്കിയാണ് മുള്ളൻപന്നിയെ വേട്ടയാടിയതെന്ന് പ്രതികൾ സമ്മതിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം അതീവ സുരക്ഷ അർഹിക്കുന്ന ഷെഡ്യൂൾഡ് വൺ വിഭാഗത്തിൽപ്പെടുന്ന വന്യജീവിയാണ് മുള്ളൻപന്നി. ഇതിനെ വേട്ടയാടുന്നത് ഏഴ് വർഷം വരെ കഠിനശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതടക്കമുള്ള തുടർനടപടികൾ വനംവകുപ്പ് സ്വീകരിച്ചുവരികയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *