India Mirror News

ഫോൺ എടുത്തില്ല; കോർപ്പറേഷൻ ക്ലർക്കിന് സ്ഥലംമാറ്റം

ഫോൺ എടുത്തില്ല; കോർപ്പറേഷൻ ക്ലർക്കിന് സ്ഥലംമാറ്റം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലറുടെ ഫോൺ കോൾ അറ്റൻഡ് ചെയ്തില്ലെന്ന കാരണത്താൽ ക്ലർക്കിനെതിരെ അസാധാരണമായ സ്ഥലംമാറ്റ നടപടി. നഗരസഭ മെയിൻ ഓഫീസ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഇ4 സെക്ഷന്റെ ചുമതല വഹിച്ചിരുന്ന സന്ധ്യാ റാണിയെയാണ് കടകംപള്ളി സോണൽ ഓഫീസിലേക്ക് അടിയന്തരമായി സ്ഥലംമാറ്റിയത്. വലിയശാല കൗൺസിലർ സൂര്യ വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്ന ആരോപണത്തെ തുടർന്നാണ് നടപടിയെന്നാണ് വിവരം. എന്നാൽ ആ സമയത്ത് മകളുടെ കോളേജ് അഡ്മിഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലായിരുന്നതിനാലാണ് ഫോൺ എടുക്കാൻ കഴിയാതിരുന്നതെന്ന് ഭിന്നശേഷിക്കാരനായ കുട്ടിയുടെ അമ്മ കൂടിയായ സന്ധ്യാ റാണി വ്യക്തമാക്കുന്നു.

വലിയശാലയിലെ റോഡ് കട്ടിംഗുമായി ബന്ധപ്പെട്ട ഫയലിന്റെ പുരോഗതി അന്വേഷിക്കാനാണ് കഴിഞ്ഞ മുപ്പതാം തീയതി കൗൺസിലർ സൂര്യ ക്ലർക്കിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. പിന്നീട് കൗൺസിലറുമായി ഫോണിൽ സംസാരിച്ച സന്ധ്യാ റാണി, തൊട്ടടുത്ത ദിവസം നഗരസഭാ ഓഫീസിലെത്തി കൗൺസിലറുമായി ചില വാഗ്വാദങ്ങളിൽ ഏർപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് നാലാം തീയതി വൈകുന്നേരത്തോടെ സന്ധ്യാ റാണിയെ കടകംപള്ളി സോണലിലെ കാഷ്യർ തസ്തികയിലേക്ക് മാറ്റി ഉത്തരവിറങ്ങിയത്. അതേസമയം ഭരണപരമായ സൗകര്യാർത്ഥമാണ് ഈ മാറ്റമെന്നാണ് കോർപ്പറേഷൻ ഭരണസമിതിയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ തനിക്ക് ഈ സ്ഥലംമാറ്റത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് വലിയശാല കൗൺസിലർ സൂര്യ ഈ വിഷയത്തോട് പ്രതികരിച്ചത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *