വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായതോടെ പരസ്പരം കടുത്ത ഭീഷണികളും പ്രത്യാക്രമണ മുന്നറിയിപ്പുകളുമായി ഇരുരാജ്യങ്ങളും രംഗത്തെത്തി. തന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് ആയിരം മിസൈലുകൾ പായിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്ന കനത്ത ഭീഷണി. ഇറാന്റെ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ട്രംപിനെ വധിക്കാൻ പരസ്യമായി ആഹ്വാനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി ട്രംപ് ഈ രൂക്ഷപ്രതികരണം നടത്തിയത്. ഇറാന്റെ ഭാഗത്തുനിന്ന് വധശ്രമമുണ്ടായാൽ പ്രയോഗിക്കാനായി 1000 മിസൈലുകൾ ലോഡ് ചെയ്ത് കഴിഞ്ഞുവെന്നും ആവശ്യമെങ്കിൽ പ്രയോഗിക്കാൻ ആയിരക്കണക്കിന് മിസൈലുകൾ വേറെയും സജ്ജമാണെന്നും ട്രംപ് തുറന്നടിച്ചു. ഇറാന്റെ വധഭീഷണിയുള്ളവരുടെ പട്ടികയിൽ താൻ വളരെക്കാലമായി ഒന്നാം സ്ഥാനത്തുണ്ടെങ്കിലും നിലവിൽ ഉടനടി വധശ്രമം ഉണ്ടാകുമെന്ന തരത്തിലുള്ള രഹസ്യാന്വേഷണ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ ട്രംപ്, ഇറാനെ ഒരു കാരണവശാലും ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ഇതിനിടെ ഇറാനെതിരെയുള്ള ഉപരോധം അമേരിക്ക കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ഫണ്ട് മാനേജർക്കും നിരവധി എക്സ്ചേഞ്ച് കമ്പനികൾക്കും യുഎസ് വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിൽ വ്യോമാക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടന്ന പശ്ചാത്തലത്തിൽ ട്രംപിന്റെ പ്രസ്താവന വലിയ അന്താരാഷ്ട്ര ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയുടെ ഭീഷണികൾക്ക് മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. ധാരണാപത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ നിലപാട്. കൂടാതെ, ഇറാൻ യുഎസുമായി ചർച്ചകൾ തുടരാൻ ആവശ്യപ്പെട്ടെന്ന ട്രംപിന്റെ അവകാശവാദവും ഇറാൻ പൂർണ്ണമായും തള്ളി.



