ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം മൂർച്ഛിക്കുന്നതിനിടെ, യഥാർത്ഥ ടി.എം.സി തങ്ങളാണെന്ന അവകാശവാദവുമായി വിമത വിഭാഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വിമത നേതാവ് ഋതബ്രദ ബാനർജിയുടെ നേതൃത്വത്തിലുള്ള എം.എൽ.എമാരുടെ സംഘമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്. പാർട്ടിയുടെ ഔദ്യോഗിക ചിഹ്നവും പേരും ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള മുഴുവൻ ആസ്തികളും തങ്ങൾക്ക് കൈമാറണമെന്നാണ് വിമതർ കമ്മീഷന് മുന്നിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. ഭൂരിഭാഗം ജനപ്രതിനിധികളും തങ്ങൾക്കൊപ്പമാണെന്ന് നേരത്തെ തന്നെ തെളിയിക്കാൻ കഴിഞ്ഞതിനാൽ കമ്മീഷനിൽ നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് വിമത പക്ഷത്തിന്റെ പ്രതീക്ഷ. തങ്ങളുടെ ഭാഗം കേൾക്കാൻ തയ്യാറായ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കൂടിക്കാഴ്ചയ്ക്ക് ശേഷം ഋതബ്രദ ബാനർജി നന്ദി അറിയിക്കുകയും ചെയ്തു.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ പുകഞ്ഞുതുടങ്ങിയതും അത് എം.എൽ.എമാരുടെയും എം.പിമാരുടെയും പരസ്യമായ കലാപത്തിലേക്ക് വഴിമാറിയതും. ഇതിന്റെ തുടർച്ചയായി മമത ബാനർജിയെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നും വിമതർ നീക്കിയിരുന്നു. പകരം ഹൗറയിൽ നിന്നുള്ള പ്രമുഖ നേതാവ് അരൂപ് റോയിയെ പുതിയ ചെയർപേഴ്സണായി തിരഞ്ഞെടുക്കുകയും, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. മമത ബാനർജിക്ക് വേണമെങ്കിൽ പാർട്ടിയുടെ ഉപദേശക പദവിയിൽ തുടരാമെന്ന നിലപാടാണ് വിമതർ സ്വീകരിച്ചത്. നേരത്തെ, പാർട്ടി നേതൃത്വത്തിന്റെ കടുത്ത എതിർപ്പ് മറികടന്ന് 59 എം.എൽ.എമാരുടെ ഒപ്പുശേഖരം ഹാജരാക്കിയാണ് ഋതബ്രദ ബാനർജി ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം നേടിയെടുത്തത്. സ്പീക്കറുടെ ഈ തീരുമാനത്തിനെതിരെ മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചത് മമത ക്യാമ്പിന് കനത്ത തിരിച്ചടിയായിരുന്നു. വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന നിലപാട് തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമാകും.



