തമിഴ്‌നാട്ടിലെ എല്ലാ പരിപാടികളിലും ഇനിമുതൽ ‘തമിഴ് തായ് വാഴ്‌ത്ത്’ നിർബന്ധമായും ആദ്യം ആലപിക്കണമെന്ന പ്രമേയം തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് സഭയിൽ ഈ നിർണായക പ്രമേയം അവതരിപ്പിച്ചത്. പരിപാടികളിൽ വന്ദേമാതരം ആദ്യം ആലപിക്കണമെന്ന കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശത്തെ ശക്തമായി എതിർത്താണ് സംസ്ഥാന സർക്കാരിന്റെ ഈ നീക്കം. തമിഴ് അമ്മയെപ്പോലെയാണെന്നും അതിനാൽ തമിഴ് തായ് വാഴ്‌ത്തിന് മുകളിലല്ല മറ്റൊന്നുമെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, കേന്ദ്രത്തിന്റെ ഉത്തരവിൽ സംസ്ഥാന ഗീതത്തെക്കുറിച്ച് പരാമർശം പോലുമില്ലെന്നും തമിഴിന്റെ അഭിമാനം ഒരു കാരണവശാലും അടിയറവെക്കില്ലെന്നും സഭയിൽ കൂട്ടിച്ചേർത്തു.
1970-ലാണ് തമിഴ് തായ് വാഴ്‌ത്ത് നിർബന്ധമാക്കി തമിഴ്‌നാട് സർക്കാർ ആദ്യമായി ഉത്തരവിറക്കുന്നത്. മുൻപ് തമിഴ് തായ് വാഴ്‌ത്തുമായി ബന്ധപ്പെട്ട് ഗവർണർ ആർ. എൻ. രവിയും അന്നത്തെ ഡി.എം.കെ സർക്കാരും തമ്മിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. തമിഴ് തായ് വാഴ്‌ത്ത് ആദ്യം പാടിയതിന്റെ പേരിൽ പല തവണ ഗവർണർ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. അടുത്തിടെ കേന്ദ്ര ഉത്തരവിന് ശേഷം നടന്ന ടി.വി.കെ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആദ്യം പാടിയത് വലിയ വിവാദമായിരുന്നു. എന്നാൽ ലോക്‌ഭവൻ സംഘടിപ്പിച്ച പരിപാടിയായതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും തമിഴ് തായ് വാഴ്‌ത്തിനാണ് സംസ്ഥാനത്ത് പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ് അന്ന് തന്നെ വ്യക്തമാക്കിയതാണ്.



