അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ കാണാതായെന്ന ഗുരുതരമായ ആരോപണത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സുപ്രീം കോടതിക്ക് കത്തയച്ചു. സംഭാവനകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതിനെക്കുറിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദ്ദേശിക്കണമെന്നും, ജുഡീഷ്യൽ മേൽനോട്ടത്തിൽ ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിക്ക് കത്ത് ലഭിച്ചിരിക്കുന്നത്. പ്രമുഖ അഭിഭാഷകനായ അനൂപ് പ്രകാശ് അവസ്തിയാണ് ഈ കത്തയച്ചിട്ടുള്ളത്. ഭക്തർ സമർപ്പിച്ച സംഭാവനകൾ കൃത്യമായി സംരക്ഷിക്കുന്നതിനും ക്ഷേത്ര ഭരണത്തിൽ പൂർണ്ണമായ സുതാര്യത ഉറപ്പുവരുത്തുന്നതിനും അടിയന്തരമായി കോടതിയുടെ ഇടപെടൽ വേണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേട് ആരോപണം അടിയന്തരമായി അന്വേഷിക്കാൻ ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) രൂപം നൽകിയിട്ടുണ്ട്. ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് ഐഎഎസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിൽ ലക്നൗ റേഞ്ച് ഐജി കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരാണ് ഉള്ളത്. കേസിൽ ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോർട്ടും പതിനഞ്ച് ദിവസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാൻ ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് കർശന നിർദേശം നൽകി.
ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളിൽനിന്ന് വലിയ തോതിൽ സംഭാവന വെട്ടിച്ചുവെന്ന ആരോപണം ഒരാഴ്ച മുൻപാണ് ആദ്യമായി ഉയർന്നത്. ഇതേ തുടർന്ന് രാമക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ലോക്കൽ പൊലീസിന്റെ അനൗദ്യോഗിക പിന്തുണയോടെ പ്രാഥമികമായ ഒരു ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ചിലരെ ട്രസ്റ്റ് അധികൃതർ ചോദ്യം ചെയ്തതായും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായും വിവരമുണ്ട്. എന്നാൽ സംഭവത്തിൽ പൊതുജന രോഷം ശക്തമായതോടെയാണ് ക്ഷേത്രം ട്രസ്റ്റ് ഔദ്യോഗികമായി സംസ്ഥാന സർക്കാരിനെ സഹായത്തിനായി സമീപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം വൈകാതെ തന്നെ അയോധ്യയിലെത്തി രേഖകൾ പരിശോധിക്കുകയും ഇതുവരെ ശേഖരിച്ച തെളിവുകൾ ആവശ്യപ്പെടുകയും ചെയ്യും. ക്ഷേത്രത്തിൽ സംഭാവനകൾ കൈകാര്യം ചെയ്തിരുന്ന രീതികൾ വിശദമായി വിലയിരുത്തുന്നതിനൊപ്പം, ഈ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരെയെല്ലാം നിലവിൽ കർശന നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.



