India Mirror News

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് നാളെ കേരളത്തിൽ

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് നാളെ കേരളത്തിൽ

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് നാളെ തിരുവനന്തപുരത്ത് എത്തും. കേരളത്തിലെ ആർഎസ്എസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായുള്ള സന്ദർശനത്തിനിടെ അദ്ദേഹം തിരുവനന്തപുരത്തും തൃശ്ശൂരിലും ആർഎസ്എസ് ശതാബ്ദി പ്രഭാഷണം നടത്തും. ജൂൺ 13-ന് തിരുവനന്തപുരത്തും 14-ന് തൃശൂരിലുമാണ് അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കുക. ആർഎസ്എസിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെയും മറ്റും ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകും. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മൂന്ന് സീറ്റുകൾ നേടിയതിനും തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിച്ചതിനും ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദർശനമാണിത് എന്ന പ്രത്യേകതയുമുണ്ട്. സന്ദർശന വേളയിൽ കേരളത്തിലെ സംഘപരിവാർ നേതാക്കളുമായും വിവിധ പൗരപ്രമുഖന്മാരുമായും അദ്ദേഹം പ്രത്യേക കൂടിക്കാഴ്ചകൾ നടത്തും.

മോഹൻ ഭാഗവതിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് തലസ്ഥാന നഗരിയിൽ പൊലീസ് കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് നഗരത്തിലെ പ്രധാന റോഡുകളിൽ നിയന്ത്രണമുള്ളത്. ഈ സമയങ്ങളിൽ പ്രധാന പാതകളിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് ഉടനടി നീക്കം ചെയ്യുമെന്നും ഉടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഡൊമസ്റ്റിക് എയർപോർട്ട് – ശംഖുമുഖം, ആൾസെയിന്റ്സ് ജംഗ്ഷൻ – ചാക്ക, ലോർഡ്സ് ജംഗ്ഷൻ – കുഴിവിള – മുക്കോലയ്ക്കൽ, കഴക്കൂട്ടം ഫ്ലൈഓവർ – വെട്ടുറോഡ്, ശംഖുമുഖം, വെട്ടുകാട്, മാധവപുരം, വേളി, സൗത്ത് തുമ്പ, സ്റ്റേഷൻകടവ്, പള്ളിത്തുറ, ആറാട്ട് വഴി, സെന്റ് ആൻഡ്രൂസ് തുടങ്ങിയ റോഡുകളിലാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകേണ്ട യാത്രക്കാർ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്ന് സിറ്റി പൊലീസ് അറിയിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *