തിരുവനന്തപുരം: സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച ഏഴുവയസ്സുകാരൻ മരണത്തിലും അഞ്ചുപേർക്ക് പുതുജീവൻ പകർന്നു മാതൃകയാകുന്നു. തിരുനെൽവേലി സ്വദേശിയായ യാഷ്വാൻ എന്ന ബാലനാണ് നോവുന്ന ഓർമ്മയായി മാറി മറ്റുള്ളവരിലൂടെ ജീവിക്കുന്നത്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വെച്ചാണ് കുട്ടിയുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. യാഷ്വാന്റെ ഒരു വൃക്ക കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ചികിത്സയിലുള്ള പതിനേഴുകാരനായ കണ്ണൂർ സ്വദേശിക്കാണ് നൽകുന്നത്. ഈ അവയവവുമായി തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് റോഡ് മാർഗം പോകുന്ന മെഡിക്കൽ സംഘത്തിന് സുഗമമായി സഞ്ചരിക്കാൻ അധികൃതർ പ്രത്യേക ഗ്രീൻ കോറിഡോർ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുട്ടിയുടെ മറ്റ് അവയവങ്ങൾ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലെ രോഗികൾക്കാണ് മാറ്റിവെക്കുന്നത്. യാഷ്വാന്റെ കരൾ കിംസ് ആശുപത്രിയിലെ രോഗിക്കും, രണ്ടാമത്തെ വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കും നൽകും. കൂടാതെ കോർണിയ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലെ രോഗിക്കും ഹൃദയ വാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗിക്കുമാണ് വെച്ചുപിടിപ്പിക്കുന്നത്. അപകടത്തിന്റെ കടുപ്പത്തിലും അവയവദാനത്തിന് സമ്മതം മൂകിയ കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം അഞ്ച് പേർക്കാണ് പുതുജീവിതം സമ്മാനിച്ചത്. അവയവങ്ങളുമായി മെഡിക്കൽ സംഘം ഇതിനോടകം തന്നെ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു കഴിഞ്ഞു.



