മുതിർന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും പൂർണമായും ഉറപ്പു വരുത്തുന്ന വയോജന ക്ഷേമ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും നിരീക്ഷിക്കുന്നതിനായി സംസ്ഥാന-ജില്ലാതലങ്ങളിൽ പ്രത്യേക മേൽനോട്ട സംവിധാനങ്ങൾ ആരംഭിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന മുതിർന്ന പൗര സംരക്ഷണ യൂണിറ്റിന്റെ ചുമതല വയോജന ക്ഷേമ വകുപ്പ് ഡയറക്ടർക്ക് ആയിരിക്കും. ഒപ്പം ജില്ലാതലത്തിൽ പ്രത്യേക സംരക്ഷണ ഫോറവും യൂണിറ്റും നിലവിൽ വരും. മുതിർന്ന പൗരന്മാർ സ്വന്തം വീടുകളിൽ തന്നെ സുരക്ഷിതമായി കഴിയുന്നതിനാണ് ബില്ലിൽ പ്രാഥമിക പരിഗണന നൽകിയിരിക്കുന്നത്. വൃദ്ധസദനങ്ങൾ പോലുള്ള സ്ഥാപന പരിചരണം അവസാന മാർഗ്ഗമായി മാത്രമേ പരിഗണിക്കുകയുള്ളൂ.
വയോജനങ്ങളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുകയോ, ക്രൂരമായി പെരുമാറുകയോ, വഴിയില ഉപേക്ഷിക്കുകയോ ചെയ്യുന്ന കുടുംബാംഗങ്ങൾക്കും പരിചരണദാതാക്കൾക്കും എതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കും. ഇത്തരം കുറ്റകൃത്യങ്ങൾക്ക് മൂന്ന് വർഷം വരെ തടവും അമ്പതിനായിരം രൂപ വരെ പിഴയും ചുമത്താൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ ജീവിതാന്ത്യ ഘട്ടത്തിൽ തങ്ങൾക്ക് ലഭ്യമാകേണ്ട ചികിത്സാ മുൻഗണനകൾ വ്യക്തികൾക്ക് മുൻകൂട്ടി രേഖപ്പെടുത്തി വെക്കാനുള്ള (‘ലിവിംഗ് വിൽ’) നിയമപരമായ അവകാശവും ബിൽ ഉറപ്പു നൽകുന്നുണ്ട്. വയോജനങ്ങളുടെ പരാതികളും വിഷയങ്ങളും വേഗത്തിൽ കൈകാര്യം ചെയ്യാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തും. മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആനുകൂല്യങ്ങൾക്കുമായി പ്രത്യേക ‘സംസ്ഥാന കരുതൽ നിധി’ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.



