രാജ്യതലസ്ഥാനത്തെ ജന്തർ മന്തറിൽ സുരക്ഷാ വേലികൾ മറികടന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ മിന്നൽ സമരം പരിഭ്രാന്തി പരത്തി. അശുതോഷ് റാങ്കെയുടെ നേതൃത്വത്തിൽ സമീപത്തുള്ള ജെ.ഡി.യു ഓഫീസിന്റെ പിൻവശത്തെ ഗേറ്റ് ചാടിക്കടന്നാണ് സി.ജെ.പി നേതാക്കളും പ്രവർത്തകരും ജന്തർ മന്തറിലെ പ്രതിഷേധ വേദിയിലേക്ക് എത്തിയത്. സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരടക്കമുള്ള നേതാക്കൾ ദേശീയ പതാകയുമായി പ്രതിഷേധ ബാരിക്കേഡുകൾ ചാടിക്കടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ സ്ഥലത്തെത്തിയ പൊലീസ് മൂന്ന് പ്രധാന നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും പ്രവർത്തകരെ പൂർണമായി അവിടെനിന്ന് നീക്കം ചെയ്യുകയും ചെയ്തു.
ജന്തർ മന്തറിലേക്കുള്ള പ്രവേശന കവാടങ്ങൾ അടച്ച് പൊലീസിനെയും സൈന്യത്തെയും വിന്യസിച്ച് കേന്ദ്രസർക്കാർ കടുത്ത സുരക്ഷയൊരുക്കിയ സാഹചര്യത്തിലാണ് അധികാരികളെ ഞെട്ടിച്ചുകൊണ്ട് ഈ മിന്നൽ പ്രതിഷേധം അരങ്ങേറിയത്. ഇന്ന് മാധ്യമങ്ങൾക്കുപോലും പ്രവേശനമില്ലാത്ത മേഖലയിൽ ബാരിക്കേഡുകൾ മറികടന്നതിലൂടെ തങ്ങളുടെ പ്രതിഷേധം അവസാനിച്ചിട്ടില്ലെന്ന സന്ദേശമാണ് പാർട്ടി നൽകുന്നത്. അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം ഇന്നും പ്രതിഷേധം തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ എം.പിമാർ, വിദ്യാർത്ഥി സംഘടന നേതാക്കൾ, പൗരസമൂഹ പ്രതിനിധികൾ എന്നിവർക്കായി വൈകീട്ട് നാല് മണിക്ക് രാഹുൽ ഗാന്ധിയുടെ വസതിയിൽ ചായസൽക്കാരവും പ്രക്ഷോഭ ചർച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്.



