കറാച്ചി: ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന പാകിസ്ഥാൻ കാർഗോ വിമാനം യാത്രാമധ്യേ റഡാറിൽ നിന്ന് അപ്രത്യക്ഷമായതിനെ തുടർന്ന് തെരച്ചിൽ ഊർജ്ജിതമാക്കി. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കെ2 എയർവേയ്സിന്റെ’ 27 വർഷം പഴക്കമുള്ള ബോയിങ് 737 വിമാനമാണ് അഞ്ച് ജീവനക്കാരുമായി കാണാതായത്. ചൊവ്വാഴ്ച യാത്ര പുറപ്പെട്ട വിമാനത്തിന് എയർ ട്രാഫിക് കൺട്രോളറുമായുള്ള ബന്ധം പെട്ടെന്ന് നഷ്ടമാവുകയായിരുന്നു. കറാച്ചിക്ക് തെക്കുപടിഞ്ഞാറായി അറബിക്കടലിൽ വിമാനം തകർന്നുവീണിരിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
വിമാനം അറബിക്കടലിൽ തകർന്നു വീണതാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി എക്സിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കടലിൽ ഉൾപ്പെടെ വിവിധ സുരക്ഷാ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ടാണ് നിലവിൽ വിമാനത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നത്.



