സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഹൂതി ഭീകരർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സുരക്ഷാ സേന വ്യോമപാതയിൽ വെച്ച് തകർത്തു. വ്യാഴാഴ്ചയുണ്ടായ സംഭവത്തിൽ തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ച് നഗരത്തിലെ കിന്റർഗാർട്ടൻ സ്കൂളിനും മെഡിക്കൽ ക്ലിനിക്ക് സമുച്ചയത്തിനും ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മാദി സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തന നടപടികളും മുൻകരുതൽ പ്രോട്ടോക്കോളുകളും വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി സൗദിയിലെ അബഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെയും ഹൂതികളുടെ ആക്രമണം നടന്നിരുന്നു. ചൊവ്വാഴ്ച അബഹ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മൊറോക്കൻ, അൾജീരിയൻ സ്വദേശികളായ രണ്ട് വനിതകൾ കൊല്ലപ്പെടുകയും സ്വദേശികളും വിദേശികളുമടക്കം 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സുഡാനീസ് പൗരൻ മരണപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങളിൽ വിമാനത്താവള സമുച്ചയങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായും സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു.



