ഡൽഹിയിൽ പത്ത് ജൻപഥിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ച പൂർത്തിയായി. ചർച്ചയ്ക്ക് ശേഷം ഡൽഹി കേരളഹൗസിലേക്ക് മടങ്ങിയ മുഖ്യമന്ത്രി, കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം, കേരളത്തിലെ പുതിയ കെ.പി.സി.സി അധ്യക്ഷന്റെ പ്രഖ്യാപനം വൈകരുതെന്ന ശക്തമായ നിലപാട് വി.ഡി. സതീശൻ രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് സൂചന. പാർട്ടിക്കായി മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ആവശ്യത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്. ഇതുസംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകിയതായും റിപ്പോർട്ടുകളുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകളൊന്നും യോഗത്തിൽ നടന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. പദ്ധതി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന നിലപാടിൽ എ.ഐ.സി.സി ഉറച്ചുനിൽക്കുന്നതിനാൽ, കേരളത്തിൽ പി.എം ശ്രീ നടപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ വാദങ്ങൾ കേന്ദ്ര നേതൃത്വം അംഗീകരിക്കാൻ സാധ്യതയില്ല. കേന്ദ്രത്തിൽ നിന്ന് വിദ്യാഭ്യാസ ഫണ്ട് ലഭ്യമാക്കണമെങ്കിൽ പി.എം ശ്രീ കരാറിൽ ഒപ്പിടണമെന്ന് വി.ഡി. സതീശൻ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയിൽ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും, പ്രതിപക്ഷത്തിരുന്നപ്പോൾ എതിർത്ത പദ്ധതി ഇപ്പോൾ നടപ്പാക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കളും എ.ഐ.സി.സിയും.



