മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന 22-കാരിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കിയ സംഭവത്തിൽ 23-കാരനായ യുവാവ് അറസ്റ്റിലായി. പൂണെ സ്വദേശിയായ ദിവ്യ ജിതേന്ദ്ര പർമാറിനെയാണ് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടിയത്. അറസ്റ്റിന് പിന്നാലെ ഇയാളുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സാമൂഹികമാധ്യമങ്ങൾ വഴി മോട്ടിവേഷണൽ സ്പീക്കറും ഇൻഫ്ലുവൻസറുമാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി യുവതിയുമായി അടുപ്പത്തിലായത്. തുടർന്ന് യുവതിയുടെ വിശ്വാസം നേടിയെടുത്ത ശേഷം ശരീരത്തിൽ ‘നെഗറ്റീവ് എനർജി’ ഉണ്ടെന്നും അത് മാറ്റാൻ വിവസ്ത്രയായി ചില വ്യായാമങ്ങൾ ചെയ്ത് നഗ്നചിത്രങ്ങൾ അയക്കണമെന്നും ഇയാൾ ആവശ്യപ്പെടുകയായിരുന്നു. പ്രതിയുടെ വിചിത്രമായ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇത്തരത്തിൽ കൂടുതൽ സ്ത്രീകളെ ഇയാൾ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



