ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ച സി.ജെ.പി നേതാക്കൾ അവിടുത്തെ സമാധാനരീക്ഷണം തകർത്തിട്ടില്ലെന്ന് നടൻ പ്രകാശ് രാജ്. പ്രതിഷേധത്തിൽ പങ്കെടുത്ത് അറസ്റ്റിലായ 12 യുവാക്കളെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ട നടപടിയെ രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ബി.ജെ.പി ഗുണ്ടകൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ കേന്ദ്ര സർക്കാർ എന്തിനാണ് ഇടയിൽ വരുന്നതെന്നും, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കേന്ദ്രം സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലജ്ജിക്കണമെന്നും സ്വന്തം കസേര നഷ്ടപ്പെടുമോയെന്ന ഭയമാണ് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
എസ്.ഐ.ആർ (SIR) റദ്ദാക്കണമെന്നും ഗ്യാനേഷ് കുമാറിന് രാജി വെക്കേണ്ടി വരുമെന്നും വ്യക്തമാക്കിയ പ്രകാശ് രാജ്, രാജ്യത്തെ യുവാക്കൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും വരുംദിവസങ്ങളിൽ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ജന്തർമന്തർ ഡൽഹിയിൽ മാത്രമല്ലെന്നും ഇനി രാജ്യത്തെ ഓരോ തെരുവുകളും വീടുകളും ജന്തർമന്തറായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിയുമായുള്ള സൗഹൃദം പോലും മോദിയെ രക്ഷിക്കില്ലെന്നും ലോകം മുഴുവൻ അദ്ദേഹത്തെ നോക്കി ചിരിക്കുകയാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. സ്വന്തം സൈന്യത്തെയും പൊലീസിനെയും രാജ്യത്തെ യുവാക്കൾക്കെതിരെ പ്രയോഗിക്കുന്ന ഭരണാധികാരിയായി മോദി മാറിയെന്നും, കുട്ടിക്കാലത്ത് മുതലയെ പിടിച്ചെന്ന് അവകാശപ്പെട്ടവർ ഇപ്പോൾ പാറ്റകളെപ്പോലും ഭയക്കുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.



