India Mirror News

പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടില്ല; മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി

പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടില്ല; മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി

പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. ഈ വിഷയത്തിൽ നിലവിലെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ഫണ്ട് തടഞ്ഞുവെച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന നില വന്നപ്പോഴാണ് കേന്ദ്ര സർക്കാർ കേരളത്തിന് ഫണ്ട് അനുവദിച്ചത്. ഇപ്പോൾ സംസ്ഥാനത്തിന് ലഭിച്ചിരിക്കുന്നത് സമഗ്ര ശിക്ഷാ കേരളം (SSK) ഫണ്ടാണെന്നും, കേന്ദ്രം അനുവദിച്ച 99 കോടി രൂപയ്ക്ക് പി എം ശ്രീ പദ്ധതിയുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി എം ശ്രീ പദ്ധതിയുടെ ഭാഗമായി ഒരു കാര്യവും സംസ്ഥാനത്ത് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും, മുൻപ് ഒപ്പുവെച്ച ധാരണാപത്രത്തിൽ (എഗ്രിമെന്റ്) നിന്ന് പിന്മാറാൻ നിലവിലെ സർക്കാരിന് യാതൊരു വിധ തടസങ്ങളുമില്ലെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.

പദ്ധതി നടപ്പിലാക്കുന്നതിനായി സ്കൂളുകളുടെ മുൻഗണനാ പട്ടിക കേന്ദ്രത്തിന് കൈമാറേണ്ടതുണ്ടായിരുന്നുവെന്നും, എന്നാൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ അത്തരം ഒരു പട്ടികയും നൽകിയിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യാഥാർത്ഥ്യം മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും, വ്യാജപ്രചാരണങ്ങളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. ബിജെപിയുമായി ഒത്തുതീർപ്പുണ്ടാക്കി മുന്നോട്ട് പോകാനാണ് താല്പര്യമെങ്കിൽ സർക്കാരിന് ഈ പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം പരിഹസിച്ചു. ഈ വിഷയത്തിൽ അന്വേഷണത്തിനായി മന്ത്രിസഭ ഉപസമിതി രൂപീകരിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം, പദ്ധതിയുടെ ഭാഗമാകില്ലെന്ന് കാണിച്ച് ആദ്യം കേന്ദ്രത്തിന് കത്ത് നൽകിയിരുന്നുവെന്നും, പിന്നീട് മന്ത്രിസഭ യോഗം ചേർന്ന് തുടനടപടികൾ മരവിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കത്ത് നൽകിയത് ഔദ്യോഗിക രേഖയായി നിലവിലുണ്ടെന്നും വ്യക്തമാക്കി. ഈ വസ്തുതകൾ നിലനിൽക്കെ മുഖ്യമന്ത്രി നടത്തുന്ന വാദങ്ങൾ തെറ്റാണെന്ന് ആവർത്തിച്ച ശിവൻകുട്ടി, ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും പരസ്യമായി വെല്ലുവിളിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *