ഡൽഹിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള കേരളത്തിലെ പ്രമുഖ സി.പി.ഐ.എം നേതാക്കളെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. എം. എ. ബേബി, ഇ. പി. ജയരാജൻ, എം. വി. ഗോവിന്ദൻ, കെ. കെ. ശൈലജ, പി. കെ. ശ്രീമതി, കെ. എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി തുടങ്ങിയ പ്രമുഖ നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേരള ഹൗസിൽ നിന്ന് പ്രതിഷേധ മാർച്ചിനായി തയ്യാറെടുക്കുന്നതിനിടെയായിരുന്നു ഡൽഹി പൊലീസിന്റെ ഈ നീക്കം.
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭമാണിതെന്നും ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും കസ്റ്റഡിയിലാകുന്നതിന് മുൻപ് പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തിന്റെ താല്പര്യപ്രകാരം 13 കോടിയോളം ആളുകളുടെ വോട്ടവകാശം നിഷേധിച്ച ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ വഴിവിട്ട നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എസ്.ഐ.ആർ നടപ്പാക്കിയ എല്ലായിടത്തും അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, പ്രതിഷേധിക്കാനുള്ള അവകാശം ഹനിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുകൾ ഉണ്ടെന്നിരിക്കെ ഡൽഹിയിൽ ഇത്തരം ഒരു സാഹചര്യം ഉണ്ടാക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും കൂട്ടിച്ചേർത്തു.



