കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്നും വികസിത കേരളത്തിലേക്കുള്ള പ്രയാണത്തിൽ ഒരിടവേള പോലും ഉണ്ടാകരുതെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് എൽഡിഎഫിന്റെ വിജയത്തിലുള്ള ശുഭപ്രതീക്ഷ അദ്ദേഹം പങ്കുവെച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എല്ലാ മേഖലകളിലും കൈവരിച്ച നേട്ടങ്ങൾ തുടരാൻ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരണമെന്നത് ജനങ്ങളുടെ പൊതുവികാരമാണെന്ന് അദ്ദേഹം പറഞ്ഞു. പത്ത് വർഷം മുൻപ് വികസന പദ്ധതികൾ നടപ്പിലാക്കാതെ മുരടിച്ചുപോയ കാലം ജനങ്ങളുടെ ഓർമ്മയിലുണ്ടെന്നും, എന്നാൽ ആ അവസ്ഥയിൽ നിന്ന് നാടിനെ മാതൃകാപരമായ വളർച്ചയിലേക്ക് നയിക്കാൻ എൽഡിഎഫിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുന്നണിക്ക് ജനങ്ങളിലുള്ള വിശ്വാസവും ജനങ്ങൾക്ക് തിരിച്ച് മുന്നണിയിലുള്ള വിശ്വാസവുമാണ് ഈ തിരഞ്ഞെടുപ്പിന്റെ ആധാരമെന്ന് അദ്ദേഹം അവകാശപ്പെട്ടു. രാഷ്ട്രീയമായി എതിർപ്പുള്ളവർ പോലും വികസനകാര്യങ്ങളിൽ എൽഡിഎഫ് തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പലതവണ പ്രതിസന്ധികളിൽപ്പെട്ട് സംസ്ഥാനം തകർന്നുപോകുമെന്ന് കരുതിയ ഘട്ടങ്ങളിൽ പോലും ജനങ്ങളെ ഒപ്പം നിർത്തി നാടിനെ മുന്നോട്ട് നയിക്കാൻ സർക്കാരിന് സാധിച്ചു. ഈ ആത്മവിശ്വാസത്തിന്റെ കരുത്തിൽ 2021-ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പത്ത് വർഷം ജനങ്ങളോടൊപ്പം നടത്തിയ വികസന യാത്രയ്ക്ക് ഈ തിരഞ്ഞെടുപ്പിലും വോട്ടർമാർ വലിയ അംഗീകാരം നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ.



