കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർ ആവേശത്തോടെ പോളിംഗ് ബൂത്തുകളിലേക്ക് എത്തുമ്പോൾ, ജനാധിപത്യം ഹൃദയത്തിൽ തൊട്ടുള്ളതാകണമെന്നും സദ്ഭരണത്തിനായി എല്ലാവരും വോട്ട് ചെയ്യണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആഹ്വാനം ചെയ്തു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ ആദ്യമായാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അതത് ബൂത്തുകളിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബാംഗങ്ങൾക്കും പാർട്ടി നേതാക്കൾക്കുമൊപ്പം പിണറായി ആർസി അമല സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയപ്പോൾ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മൊറാഴ സിഎച്ച് കമ്മാരൻ യുപി സ്കൂളിലും വോട്ട് ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവ് സെന്റ് ജോൺസ് സ്കൂളിലാണ് ഗവർണർ വോട്ട് രേഖപ്പെടുത്തിയത്.
രാവിലെ മുതൽ ദൃശ്യമാകുന്ന മികച്ച പോളിംഗ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്ന വലിയ പ്രതീക്ഷയിലാണ് മുന്നണികളെല്ലാം. കേരളം വികസനത്തുടർച്ചയ്ക്കായി വിധിയെഴുതുമെന്നും മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടെന്നും നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിക്കുമെന്നുമാണ് പ്രതിപക്ഷ നേതാക്കളുടെ അവകാശവാദം. അതേസമയം, കേരളം ഇത്തവണ തൂക്കുസഭയിലേക്ക് നീങ്ങുമെന്നും ബിജെപി നിർണ്ണായക ശക്തിയായി മാറുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ഓരോ വോട്ടും വിലപ്പെട്ടതാണെന്ന ബോധ്യത്തിൽ വോട്ടർമാർ ബൂത്തുകളിലേക്ക് ഒഴുകുമ്പോൾ കേരളം ആര് ഭരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.



