പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി എൽ.ഡി.എഫ് സ്ഥാനാർഥി മായ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 26 കൗൺസിലർമാർ പങ്കെടുത്ത തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെയും കോൺഗ്രസ് വിമതരുടെയും പിന്തുണയോടെ 16 വോട്ടുകൾ നേടിയാണ് മായ വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥിയായ റിയ ചീരാംകുഴിക്ക് 10 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നഗരസഭയിലെ 19-ാം വാർഡിനെ പ്രതിനിധീകരിക്കുന്ന മായാ രാഹുൽ കൗൺസിലറായി ഇത് രണ്ടാം തവണയാണ് വിജയിക്കുന്നത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ എന്ന വിശേഷണത്തോടെ അധികാരത്തിലെത്തിയ ദിയ ബിനു പുളിക്കകണ്ടം എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായതിനെ തുടർന്നാണ് ഇവിടെ പുതിയ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വെറും ആറുമാസത്തെ ഭരണത്തിന് ശേഷമാണ് ദിയക്ക് പദവി നഷ്ടമായത്. പാർട്ടിയുടെ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത നാല് കോൺഗ്രസ് കൗൺസിലർമാരുടെയും സ്വതന്ത്രയായ വൈസ് ചെയർപേഴ്സന്റെയും പിന്തുണയോടെയാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം പാസാക്കിയെടുത്തത്.



