ഇൻസ്റ്റാഗ്രാമിൽ ‘കുട്ടിസഖാവ്’ എന്ന പേരിൽ ശ്രദ്ധേയനായ എട്ടുവയസുകാരൻ സിയാന് കൃത്യമായ ശിക്ഷണം നൽകണമെന്നും കുട്ടിയെ നവമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന രീതി തിരുത്തപ്പെടണമെന്നും എ.പി. സമസ്ത വിദ്യാർഥി വിഭാഗമായ എസ്.എസ്.എഫ്. മുഖമാസികയായ ‘രിസാല’യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രാഷ്ട്രീയ നേതാക്കൾക്കെതിരെയും കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്. എട്ടു വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടിക്ക് രാഷ്ട്രീയ പാർട്ടിയിൽ അംഗമാകാനുള്ള പക്വതയില്ലെന്നും, കുട്ടിയുടെ ഭാഷണങ്ങളിൽ നിറയുന്ന അകാല മുതിർച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു. ചെങ്കൊടിയും അതിൻ്റെ രാഷ്ട്രീയവും ഒരു കുട്ടിയുടെ വ്യവഹാര വിഷയമല്ലെന്നും, ഇത്തരം മോണോ ആക്റ്റുകളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളോടുള്ള അനീതിയാണെന്നും എസ്.എസ്.എഫ് ഓർമ്മിപ്പിക്കുന്നു.
മാതാപിതാക്കൾ കുട്ടികളുടെ ചിത്രങ്ങളും വിവരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ‘ഷെയറെന്റിങ്’ രീതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ അശോകൻ ചരുവിൽ വരെയുള്ളവർ പഠിക്കണമെന്ന് ലേഖനം പരിഹസിക്കുന്നു. കുട്ടികളെ വെച്ചുള്ള കണ്ടന്റ് നിർമ്മാണം പല വികസിത രാജ്യങ്ങളിലും നിരോധിച്ചതാണെന്നും കുട്ടികളുടെ സ്വകാര്യത മാനിക്കപ്പെടണമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തത് മെറ്റയുടെ നയരൂപീകരണത്തിന്റെ ഭാഗമാണെന്നും കുട്ടിയെ കരയിപ്പിക്കാതെ കാര്യം പറഞ്ഞു മനസ്സിലാക്കുകയാണ് മുതിർന്നവർ ചെയ്യേണ്ടതെന്നും ലേഖനത്തിലൂടെ എസ്.എസ്.എഫ് ആവശ്യപ്പെടുന്നു.



