മാസപ്പടിക്കേസിലെ ഇ.ഡി നടപടികളെ രാഷ്ട്രീയമായിത്തന്നെ ശക്തമായി പ്രതിരോധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. പാർട്ടിയെ കടന്നാക്രമിക്കാനും മന്ത്രി പി.എ. മുഹമ്മദ് റിയാസിലേക്ക് അന്വേഷണം എത്തിക്കാനുമാണ് കേന്ദ്ര ഏജൻസിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിയാസുമായി പരിചയമുണ്ടെന്ന പേരിൽ കോഴിക്കോട് ഒമ്പതോളം കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയത് ഇതിന്റെ ഭാഗമാണ്. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം ഇടതുപക്ഷത്തിനും സി.പി.ഐ.എമ്മിനുമെതിരെ കടുത്ത കടന്നാക്രമണമാണ് നടക്കുന്നതെന്നും ഇതിനെതിരെ പാർട്ടി ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തി ഒരു പുകമറ സൃഷ്ടിക്കാനും പാർട്ടി വിരുദ്ധ മനോഭാവം വളർത്താനുമാണ് ശ്രമം നടക്കുന്നത്. ബി.ജെ.പിയും സംഘപരിവാറും വലിയ രീതിയിലുള്ള അഴിമതികൾ നടത്തുമ്പോഴും നിഷ്ക്രിയത്വം പാലിക്കുന്ന ഇ.ഡി, ഇപ്പോൾ കേരളത്തിൽ പാർട്ടി വിരുദ്ധ ശക്തികളുടെ പട്ടികയിൽ ഒന്നാമതായി പ്രവർത്തിക്കുകയാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.



