സംസ്ഥാന ബജറ്റിൽ ആരോഗ്യ-സാമൂഹിക ക്ഷേമ മേഖലകൾക്ക് വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരത്തും ഹരിപ്പാടും പുതിയതായി രണ്ട് മെഡിക്കൽ കോളജുകൾ സ്ഥാപിക്കുമെന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. ഇതിനൊപ്പം കാസർക്കോട്, ഇടുക്കി, വയനാട് ജില്ലകളിലെ നിലവിലുള്ള മെഡിക്കൽ കോളജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും തിരഞ്ഞെടുത്ത ചില മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണ പദവി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പകർച്ചവ്യാധികൾ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം, നാൽപ്പത് വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ സൗജന്യ ആരോഗ്യ പരിശോധന നടത്തുന്നതിനായി പുതിയൊരു സാമ്പത്തിക സഹായ പദ്ധതിയും ബജറ്റിൽ വിഭാവനം ചെയ്യുന്നുണ്ട്. ക്യാൻസർ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ വകയിരുത്തിയ സർക്കാർ, പ്രമേഹ രോഗികൾക്കാവശ്യമായ ഇൻസുലിൻ പമ്പ് തദ്ദേശീയമായി നിർമ്മിക്കുന്നതിന് ആവശ്യമായ സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ നൽകുമെന്നും ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്കായുള്ള മിഠായി പദ്ധതി കാലോചിതമായി പരിഷ്കരിക്കുമെന്നും വ്യക്തമാക്കി.
വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ ക്യാംപസുകളെ പൂർണ്ണമായും ഗേൾസ് ഫ്രണ്ട്ലി ആക്കി മാറ്റുമെന്നും എല്ലാ പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിൻ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം കാരുണ്യ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ‘വൺ കേരള കരുതൽ മിഷൻ’ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമുണ്ട്. പാവപ്പെട്ട കുട്ടികളുടെ ചികിത്സയും സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കുകയുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി സംസ്ഥാനത്തെ നിർധനർക്ക് ആശ്വാസമേകാൻ ‘ഉമ്മൻചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ വിപുലമായ രീതിയിൽ നടപ്പിലാക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് വി.ഡി. സതീശൻ പ്രഖ്യാപിച്ചു.



