India Mirror News

ഓമല്ലൂർ സ്നേഹത്തണൽ വൃദ്ധസദനത്തിൽ അനാഥരായ കുട്ടികൾക്ക് നേരെ അതിക്രൂര മർദ്ദനം

ഓമല്ലൂർ സ്നേഹത്തണൽ വൃദ്ധസദനത്തിൽ അനാഥരായ കുട്ടികൾക്ക് നേരെ അതിക്രൂര മർദ്ദനം

പത്തനംതിട്ട ഓമല്ലൂരിൽ പ്രവർത്തിക്കുന്ന ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന് കീഴിലുള്ള ‘സ്നേഹത്തണൽ’ വൃദ്ധസദനത്തിൽ അന്തേവാസികളായ കുട്ടികൾക്ക് നേരെ നടന്ന അതിക്രൂരമായ പീഡനങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. നേരത്തെ പുറത്തുവന്ന കട്ടപ്പന സ്വദേശിയായ കുട്ടിയുടെ പരാതിക്ക് പിന്നാലെ, കോട്ടയം സ്വദേശിയായ പതിനേഴുകാരനും ഇവിടെ സമാനമായ ക്രൂരതകൾക്ക് ഇരയായതായി വ്യക്തമായിട്ടുണ്ട്. ഈ കുട്ടിയെ ചൂരൽ വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് കൈകാലുകളിലും പുറത്തും പരുക്കേറ്റ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഈ പതിനേഴുകാരനെ ശിശുക്ഷേമ സമിതി ഇടപെട്ട് ഉടൻ തന്നെ മറ്റൊരു ഷെൽറ്റർ ഹോമിലേക്ക് മാറ്റിയിരുന്നു. നിലവിൽ കട്ടപ്പന സ്വദേശിയായ കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിലെ മാനേജരായ റെജി, ജീവനക്കാരായ ബെന്നി, സിജോ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.

കേസിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം കട്ടപ്പന പോലീസും വട്ടപ്പാറ പോലീസും കേസ് രജിസ്റ്റർ ചെയ്യുകയും, എലോഹി വർഷിപ്പ് സെന്ററിലും സ്നേഹത്തണൽ അഗതിമന്ദിരത്തിലും വിശദമായ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. യാതൊരുവിധ ഔദ്യോഗിക ലൈസൻസുമില്ലാതെയാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് ഓമല്ലൂർ പഞ്ചായത്ത് ഭാരവാഹികൾ വ്യക്തമാക്കിയതോടെ സംഭവത്തിൽ ദുരൂഹത വർദ്ധിച്ചിരിക്കുകയാണ്. സ്ഥാപനത്തിന്റെ ഉടമയായ ബിനു പാസ്റ്റർക്കെതിരെയും കേസെടുക്കുന്നതിനെക്കുറിച്ച് പോലീസ് നിലവിൽ ആലോചിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഇനി വിശദമായി അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വൃദ്ധസദനത്തിലെ അന്തേവാസികളുടെ ദൈനംദിന ജീവിത സാഹചര്യങ്ങളെക്കുറിച്ചും, ഇവരുടെ ആരുമില്ലാത്ത അവസ്ഥ മുതലെടുത്ത് സ്ഥാപന നടത്തിപ്പുകാർ ആരുടെയെങ്കിലും സ്വത്തുക്കൾ വഞ്ചനയിലൂടെ കൈക്കലാക്കിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും പ്രത്യേക അന്വേഷണം ഉണ്ടാകും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *