പ്രപഞ്ചത്തിലെ അതിസങ്കീർണ്ണമായ പ്രതിഭാസങ്ങളിലൊന്നായ ഗാലക്സികളുടെ വളർച്ചയെയും ബ്ലാക്ക് ഹോളുകളുടെ രൂപീകരണത്തെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിക്കൊണ്ട് നാസയുടെ ബഹിരാകാശ ദൂരദർശിനിയായ ‘SPHEREX’ (സ്ഫിയറെക്സ്) പുതിയ കണ്ടെത്തൽ നടത്തി. സാധാരണയായി പ്രപഞ്ചത്തിലെ വലിയ ഗാലക്സികളുടെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന സൂപ്പർമാസീവ് ബ്ലാക്ക് ഹോളുകൾ, ചുറ്റുപാടുമുള്ള വസ്തുക്കളെ വിഴുങ്ങുമ്പോൾ ഉണ്ടാകുന്ന അതിശക്തമായ ഊർജ്ജപ്രവാഹമാണ് ക്വാസറുകൾക്ക് കാരണമാകുന്നത്. എന്നാൽ ഇതിൽ ചില ക്വാസറുകൾ കട്ടിയുള്ള കോസ്മിക് പൊടിയും വാതകപടലങ്ങളും കൊണ്ട് മറയ്ക്കപ്പെട്ടിരിക്കുന്നതിനാൽ, അവ സാധാരണ പ്രകാശത്തിൽ കാണാനാകാതെ ചുവപ്പുനിറത്തിൽ വളരെ മങ്ങിയ രൂപത്തിലാണ് ദൃശ്യമായിരുന്നത്. ഇതുമൂലം പ്രപഞ്ചത്തിലെ ഈ “ചുവന്ന ക്വാസറുകളെ” കണ്ടെത്തുന്നത് ശാസ്ത്രജ്ഞർക്ക് ഏറെ ദുഷ്കരമായ ഒന്നായിരുന്നു. ഗാലക്സികൾ തമ്മിൽ പരസ്പരം കൂട്ടിയിടിക്കുമ്പോൾ വലിയ അളവിലുള്ള വാതകമേഘങ്ങൾ അവയുടെ കേന്ദ്രത്തിലേക്ക് പ്രവഹിക്കുകയും, ഇതിന്റെ ഫലമായി പുതിയ നക്ഷത്രങ്ങളും സൂപ്പർമാസീവ് ബ്ലാക്ക് ഹോളുകളും രൂപപ്പെടുകയും ചെയ്യുന്നു. ഈ ഘട്ടത്തിലാണ് ബ്ലാക്ക് ഹോളിന് ചുറ്റുമുള്ള പൊടിയും വാതകവും അതിന്റെ പ്രകാശത്തെ പൂർണ്ണമായി മറച്ച് “ചുവന്ന ക്വാസർ” എന്ന ഇടക്കാല ഘട്ടം സൃഷ്ടിക്കുന്നത്. ശാസ്ത്രജ്ഞർ വളരെക്കാലമായി ഇത്തരമൊരു പരിണാമ ഘട്ടത്തെക്കുറിച്ച് സംശയിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ഇതിന് കൃത്യമായ തെളിവ് ലഭിക്കുന്നത്.
നാസയുടെ അത്യാധുനിക ടെലിസ്കോപ്പ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൽ വളരെ ഉയർന്ന റെഡ്‌ഷിഫ്റ്റ് (Redshift) മൂല്യമുള്ള 77 ചുവന്ന ക്വാസറുകളെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അതായത്, പ്രപഞ്ചത്തിൽ നക്ഷത്ര രൂപീകരണം ഏറ്റവും സജീവമായിരുന്ന കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ആദ്യകാല പ്രപഞ്ചത്തിലാണ് ഇവ രൂപംകൊണ്ടിട്ടുള്ളത്. അതിശക്തമായ പ്രകാശം പുറപ്പെടുവിക്കുന്നുണ്ടെങ്കിലും, ഈ ക്വാസറുകളിലെ ചൂടുള്ള പൊടിപടലങ്ങളിൽ നിന്നുള്ള വികിരണം വളരെ കുറവാണെന്നാണ് ഗവേഷകർ നിരീക്ഷിച്ചിരിക്കുന്നത്. ഇതിൽ നിന്നും, ഈ ക്വാസറുകൾ അവയ്ക്ക് ചുറ്റുമുള്ള പൊടിയും വാതകവും അതിശക്തമായ ‘കോസ്മിക് കാറ്റുകൾ’ (Cosmic Winds) വഴി പുറത്തേക്ക് തള്ളിമാറ്റുന്ന ഒരു പ്രത്യേക പരിണാമ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഇതിന് ആക്കം കൂട്ടിക്കൊണ്ട്, ഈ ഗാലക്സി കേന്ദ്രങ്ങളിൽ നിന്നും സെക്കൻഡിൽ 500 മുതൽ 1,000 കിലോമീറ്റർ വരെ അതിവേഗത്തിൽ സഞ്ചരിക്കുന്ന വാതകപ്രവാഹങ്ങളുടെ തെളിവുകളും ഗവേഷകർ ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. വിപ്ലവകരമായ ഈ പുതിയ കണ്ടെത്തൽ ഗാലക്സികളുടെ പരിണാമവും ബ്ലാക്ക് ഹോളുകളുടെ വികാസവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ജ്യോതിശാസ്ത്രജ്ഞരെ സഹായിക്കും.



