കേരളതീരത്ത് അപകടത്തിൽപ്പെട്ട എം.എസ്.സി എൽസ 3 കപ്പലിലെ അപകടകരമായ ചരക്കുകൾ ഇപ്പോഴും കടലിനടിയിൽ തുടരുകയാണെന്നും ഇത് ഭാവിയിൽ സമുദ്രപരിസ്ഥിതിക്ക് വലിയ ഭീഷണിയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കടലിനടിയിലെ പരിശോധനകൾക്കായി നാവികസേനയുടെ സഹായം തേടിയിട്ടുണ്ടെങ്കിലും, നിലവിലെ മോശം കാലാവസ്ഥ കാരണം കാലവർഷത്തിന് ശേഷമേ സുരക്ഷിതമായ പരിശോധനകൾ നടത്താൻ കഴിയൂ. അപകടത്തിൽപ്പെട്ട കപ്പലും കണ്ടെയ്നറുകളും പൂർണ്ണമായി നീക്കം ചെയ്യേണ്ടത് കപ്പൽ കമ്പനിയുടെ ഉത്തരവാദിത്വമാണെന്ന് മെർക്കന്റൈൽ മറൈൻ വിഭാഗം ആവർത്തിച്ചു.
അതേസമയം, എം.എസ്.സി എൽസ 3 കപ്പലിന്റെ വീഴ്ചകളാണ് അപകടത്തിന് കാരണമായതെന്ന് ഡി.ജി ഷിപ്പിംഗിന്റെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിന്റെ ബാലസ്റ്റ് വാട്ടർ സംവിധാനം തകരാറിലാവുകയും നാലാം നമ്പർ കാർഗോ ഹോൾഡറിൽ വെള്ളം കയറുകയും ചെയ്തിരുന്നു. ആ ഘട്ടത്തിൽ തന്നെ വിഴിഞ്ഞം പോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കപ്പലിന് അഞ്ച് ഡിഗ്രി ചെരിവുണ്ടായിരുന്നു. കപ്പലിന്റെ സുരക്ഷാ മാനേജ്‌മെന്റ് സംവിധാനം അപൂർണ്ണമായിരുന്നതും, ശക്തമായ ചെരിവ് കാരണം കണ്ടെയ്‌നറുകൾ തെന്നിമാറിയതും സ്ഥിരത തകർത്തു. 2016-ലുണ്ടായ കൂട്ടിയിടിയെ തുടർന്നുണ്ടായ കേടുപാടുകൾ പരിഹരിക്കാത്തതും കപ്പലിന്റെ കാലപ്പഴക്കവും ഘടനാപരമായ മറ്റ് തകരാറുകളും അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.



