സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കുന്ന ബിൽ പ്രതിപക്ഷ ബഹളത്തിനിടെ ചർച്ച കൂടാതെ ലോക്‌സഭ പാസാക്കി. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങൾ പോലും ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായും കുറ്റപ്പെടുത്തി. അമിത് ഷാ എവിടെയെന്ന് ചോദിച്ച് ലോക്‌സഭയിൽ പ്രതിഷേധം ഉയർന്നപ്പോൾ, അയോധ്യാ സംഭാവനാ കൊള്ള ആരോപിച്ചാണ് രാജ്യസഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. തുടർന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിയുകയും രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോവുകയും ചെയ്തു.
നേരത്തെ, സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനായി 2024 ജൂണിൽ കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു.



