സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രം ‘മൂക്കുത്തി അമ്മൻ 2 മഹാശക്തി’ തിയേറ്ററുകളിലെത്താൻ നാലു ദിവസം മാത്രം ബാക്കി നിൽക്കെ, ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഭക്തിയും നർമ്മവും സാമൂഹിക പ്രസക്തിയും സമന്വയിപ്പിച്ച് എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന ഒരു ഡിവൈൻ എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ‘യു/എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ലോകമെമ്പാടുമുള്ള പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ആദ്യ ഭാഗത്തിന്റെ തുടർച്ചയായി എത്തുന്ന രണ്ടാം ഭാഗത്തിന്റെ ടീസറും ട്രെയിലറും നേരത്തെ തന്നെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. വലിയ സെറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും സുന്ദർ സി ശൈലിയിലുള്ള മാസ് എന്റർടെയ്ൻമെന്റും ഭക്തിയും നിഗൂഢതയും ചേർന്ന അനുഭവമായിരിക്കും ചിത്രം വാഗ്ദാനം ചെയ്യുന്നത്.
നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്., സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിച്ച ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സുന്ദർ സി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഹിപ്പ്ഹോപ്പ് തമിഴ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ്. സിനി കണക്റ്റ് കമ്മ്യൂണിക്കേഷൻസ് മാർക്കറ്റിംഗും പ്രതീഷ് ശേഖർ പി.ആർ.ഓ ചുമതലയും നിർവഹിക്കുന്നു.



