India Mirror News

പഞ്ചാബിൽ എ.എ.പിക്ക് വൻ തിരിച്ചടി: സീറ്റ് നിഷേധിച്ച 3 എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു

പഞ്ചാബിൽ എ.എ.പിക്ക് വൻ തിരിച്ചടി: സീറ്റ് നിഷേധിച്ച 3 എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട മൂന്ന് പ്രമുഖ എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. ന്യൂഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ടത്തിൽ 40 സ്ഥാനാർത്ഥികളുടെ പട്ടിക ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഈ നാടകീയ നീക്കങ്ങൾ നടന്നത്. സനൗർ എം.എൽ.എ ഹർമീത് സിംഗ് പഠാൻമജ്ര, സമാന എം.എൽ.എ ചേതൻ സിംഗ് ജൗരമജ്ര, അമൃത്സർ നോർത്ത് എം.എൽ.എയും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ കുൻവർ വിജയ് പ്രതാപ് സിംഗ് എന്നിവരാണ് എ.എ.പി വിട്ട് ബി.ജെ.പി പാളയത്തിലെത്തിയത്.

നേരത്തെ തന്നെ പാർട്ടി നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ലാതിരുന്ന ഈ നേതാക്കൾ, സീറ്റ് കൂടി നിഷേധിക്കപ്പെട്ടതോടെ അതൃപ്തി പരസ്യമാക്കി പാർട്ടി വിടുകയായിരുന്നു. എ.എ.പിയിൽ ചേർന്ന മുൻ ശിരോമണി അകാലിദൾ നേതാവ് സുർജിത് സിംഗ് രഖ്‌റയ്ക്ക് സമാന മണ്ഡലത്തിലെ പാർട്ടി പ്രവർത്തനങ്ങളുടെ നിർണ്ണായക ചുമതല നൽകിയതാണ് ചേതൻ സിംഗ് ജൗരമജ്രയെ ചൊടിപ്പിച്ചത്. ബി.ജെ.പി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പഞ്ചാബിലെ എ.എ.പി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇവർ രംഗത്തെത്തി. ക്രിമിനലുകളും ഗുണ്ടകളുമാണ് സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതെന്ന് ഇവർ ആരോപിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതൽ എ.എ.പി നേതാക്കൾ പാർട്ടി വിട്ട് തങ്ങളോടൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി കേന്ദ്രങ്ങൾ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *