ബെംഗളൂരുവിലെ പ്രമുഖ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയതും കേടായതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. അശോക് നഗറിലെ യുബി സിറ്റി മാളിന്റെ പതിനാറാം നിലയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ‘സ്കൈ ലോഞ്ച്’ പബ്ബിന്റെ ഭക്ഷണശാല അധികൃതർ പൂട്ടിപ്പൂട്ടി. ഇവിടെ നിന്ന് പൂപ്പൽ ബാധിച്ച കോഴിയിറച്ചി, ബീഫ്, കേടുവന്ന വെജിറ്റബിൾ കട്ലെറ്റുകൾ, പഴകിയ പാൽ ഉൽപന്നങ്ങൾ, മീൻ, കൂൺ, 70 കിലോഗ്രാം പഴകിയ സോയ സോസ്, നിരവധി തവണ ഉപയോഗിച്ച 15 ലിറ്റർ എണ്ണ എന്നിവയുൾപ്പെടെ 132 കിലോഗ്രാം കേടായ ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. നഗരത്തിലെ റോയൽ ചെയിൻ ഹോട്ടലിൽ നിന്ന് 50 കിലോ പഴകിയ താറാവു ഇറച്ചിയും 5 കിലോ മീനും കണ്ടെടുത്തു. കൂടാതെ മദ്രാസ് കിച്ചണിൽ നിന്ന് 5 കിലോ കേടായ ഗ്രീൻ പീസും, ടെസ്കോൺ ഹോട്ടലിൽ നിന്ന് 5 കിലോ പഴകിയ കൂണും, സെൻചേസ് ഹോട്ടലിൽ നിന്ന് കേടായ മീനും പൂപ്പൽ അടിച്ച കേക്കുകളും പിടിച്ചെടുത്തു. വിവിധയിടങ്ങളിൽ നിന്ന് പഴകിയ പഴച്ചാറുകളും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചു.



