കൊച്ചി: ടൂറിസ്റ്റുകളെയും തീർത്ഥാടകരെയും ഒരുപോലെ ആകർഷിക്കുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ജൂലൈ മാസത്തെ പുതിയ യാത്രാ കലണ്ടർ കൊല്ലം യൂണിറ്റ് പുറത്തിറക്കി. നാല് പകലും മൂന്ന് രാത്രിയും നീളുന്ന ഹൈദരാബാദ് പ്രീമിയം യാത്രയാണ് ഇത്തവണത്തെ കലണ്ടറിലെ പ്രധാന ആകർഷണം. എസി ബസുകളിലായിരിക്കുമിത്. യാത്ര, ഭക്ഷണം, താമസം, റാമോജി ഫിലിം സിറ്റിയിലേക്കുള്ള എൻട്രി ഫീസ് എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഈ പാക്കേജ്. ഇതിന് പുറമെ കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള വിപുലമായ പാക്കേജുകളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. ജൂലൈ നാലിന് ഗുരുവായൂർ, മമ്മിയൂർ, പുന്നത്തൂർ കോട്ട, തൃപ്രയാർ, കൊടുങ്ങല്ലൂർ, ചേർത്തല കാർത്യായനി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് 1360 രൂപ നിരക്കിൽ യാത്ര സംഘടിപ്പിക്കും. കർക്കടക മാസത്തോടനുബന്ധിച്ചുള്ള തൃപ്രയാർ, കൂടൽമാണിക്യം, പായമ്മേൽ, മൂഴിക്കുളം ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന നാലമ്പല ദർശനം ജൂലൈ 17-ന് രാത്രി എട്ട് മണിക്ക് ആരംഭിക്കും; ഇതിന് 1320 രൂപയാണ് നിരക്ക്. ഇതേ യാത്രകൾ ജൂലൈ 24, 30 തീയതികളിലും ലഭ്യമായിരിക്കും. കൂടാതെ മാമലശ്ശേരി ശ്രീരാമക്ഷേത്രം, മേമ്മുറി ഭരതക്ഷേത്രം, മുളക്കുളം ലക്ഷ്മണക്ഷേത്രം, നെടുങ്ങാട് ശത്രുഘ്നക്ഷേത്രം എന്നിവയുൾപ്പെടുന്ന യാത്രയ്ക്ക് 750 രൂപയാണ് ഈടാക്കുക. പ്രശസ്തമായ ആറന്മുള വള്ളസദ്യ ഉൾപ്പെടുന്ന പഞ്ചപാണ്ഡവക്ഷേത്ര ദർശനം ജൂലായ് 20, 22, 28 തീയതികളിൽ 910 രൂപ നിരക്കിൽ ക്രമീകരിച്ചിട്ടുണ്ട്.പ്രകൃതിഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി ജൂലൈ നാലിനും 19-നും വാഗമൺ യാത്രയും (നിരക്ക് 1020 രൂപ), ജൂലൈ അഞ്ചിനും 25-നും ഇല്ലിക്കൽ കല്ല്-ഇലവീഴാപൂഞ്ചിറ യാത്രയും (നിരക്ക് 820 രൂപ) ഉണ്ടായിരിക്കും. ജൂലൈ 5, 12, 19 തീയതികളിൽ പൊന്മുടിയിലേക്കും ജൂലൈ എട്ട്, 13, 21 തീയതികളിൽ അടവി കുട്ടവഞ്ചി സവാരി, പ്രവേശന ഫീസ്, ഗൈഡ് ഫീസ്, ഉച്ചഭക്ഷണം എന്നിവയടക്കം 1750 രൂപ നിരക്കിൽ ഗവിയിലേക്കും യാത്രകൾ പ്ലാൻ ചെയ്തിട്ടുണ്ട്. ജൂലൈ 11-ന് രണ്ട് പ്രത്യേക പാക്കേജുകളാണ് ഉള്ളത്. താമസം, ജീപ്പ് സഫാരി, ഉച്ചഭക്ഷണം എന്നിവയുൾപ്പെടെ 2450 രൂപ നിരക്കിലുള്ള മൂന്നാർ-കാന്തല്ലൂർ യാത്രയും, ബോട്ടിനുള്ളിലെ ചെലവുകൾ ഉൾപ്പെടെ 1780 രൂപ നിരക്കിലുള്ള കുമരകം ഹൗസ് ബോട്ട് യാത്രയുമാണവ. ജൂലൈ 12-ന് പുള്ളിക്കാനം (750 രൂപ), രാമക്കൽമേട് (1050) യാത്രകളും ലഭ്യമാണ്. കൊല്ലത്തുനിന്നും വയനാട്ടിലേക്കുള്ള ദീർഘദൂര യാത്ര ജൂലായ് 16-ന് രാത്രി എട്ട് മണിക്ക് ആരംഭിക്കും. മൂന്നു പകലും മൂന്നു രാത്രിയും നീളുന്ന ഈ യാത്രയ്ക്ക് പ്രവേശന ഫീസ്, താമസം, വനംവകുപ്പിന്റെ ജംഗിൾ സഫാരി എന്നിവയുൾപ്പെടെ 4510 രൂപയാണ് നിരക്ക്. യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 9747969768, 9495440444 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Tags:
You can share this post!
administrator



