India Mirror News

ദിവ്യ എസ്. അയ്യരെ വിഴിഞ്ഞത്തുനിന്ന് മാറ്റിയത് അദാനിക്ക് വേണ്ടി: കെ. കെ. രാഗേഷ്.

ദിവ്യ എസ്. അയ്യരെ വിഴിഞ്ഞത്തുനിന്ന് മാറ്റിയത് അദാനിക്ക് വേണ്ടി: കെ. കെ. രാഗേഷ്.

കണ്ണൂർ: ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം തുറമുഖം മാനേജിങ് ഡയറക്ടർ (എംഡി) സ്ഥാനത്തുനിന്ന് മാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണെന്ന ഗുരുതര ആരോപണവുമായി സി‌പി‌ഐ‌എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ് രംഗത്തെത്തി. ദിവ്യയെ ആ പദവിയിൽ നിന്ന് നീക്കാൻ അദാനി അധികൃതർ മുൻപും പലതവണ ശ്രമിച്ചിരുന്നതായി കെ. കെ. രാഗേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. മുൻപ് കരാർ വ്യവസ്ഥകളിൽ അദാനി അധികൃതർ മാറ്റം വരുത്താൻ ശ്രമിച്ചപ്പോഴെല്ലാം സംസ്ഥാന താത്പര്യം മുൻനിർത്തി അതീവ ജാഗ്രതയോടെ ഇടപെട്ട ഉദ്യോഗസ്ഥയായിരുന്നു ദിവ്യ എസ്. അയ്യർ. അന്ന് അദാനി അധികൃതർ മാറ്റത്തിന് ശ്രമിച്ചപ്പോൾ, തുറമുഖത്തിന്റെ കാര്യം നിങ്ങൾ നോക്കിയാൽ മതി ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം എന്ന ശക്തമായ നിലപാടാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ ഉടൻ തന്നെ ദിവ്യയെ അവിടെനിന്ന് രായ്ക്കുരാമാനം സ്ഥലം മാറ്റുകയാണുണ്ടായത്. പകരം തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യാതൊരു ധാരണയോ അനുഭവപരിജ്ഞാനമോ ഇല്ലാത്ത ഉദ്യോഗസ്ഥനെയാണ് നിയമിച്ചതെന്നും ഇതിന് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.മുഖ്യമന്ത്രി വി. ഡി. സതീശൻ മംഗലാപുരത്തുപോയി അദാനി സംഘത്തെ കണ്ടതിന്റെ ഫലങ്ങളാണ് ഇപ്പോൾ ഓരോന്നായി പുറത്തുവരാൻ തുടങ്ങിയിരിക്കുന്നതെന്ന് കെ. കെ. രാഗേഷ് വിമർശിച്ചു. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ ധനകാര്യത്തോടൊപ്പം തുറമുഖ വകുപ്പും മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തത് യാദൃശ്ചികമല്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെ തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്നത് കേരള ചരിത്രത്തിൽ ആദ്യമായാണ്. ഇതിന് പുറമേ സ്വന്തം ഓഫീസിലെ സെക്രട്ടറിയെത്തന്നെ മണിക്കൂറുകൾക്കകം തുറമുഖ വകുപ്പ് സെക്രട്ടറിയായും നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ചയിൽ തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വിശ്വസ്തയായ ഉദ്യോഗസ്ഥയെയാണ് പുതിയ സർക്കാർ മാറ്റിയത്. വിഴിഞ്ഞം കരാറിലെ വ്യവസ്ഥകളിൽ അദാനി ഗ്രൂപ്പ് വ്യതിയാനം വരുത്താൻ ശ്രമിച്ച ഘട്ടങ്ങളിലെല്ലാം അതിനെ പ്രതിരോധിച്ചതു വഴി ദിവ്യ എസ്. അയ്യർ അദാനി അധികൃതർക്ക് കണ്ണി canടായ വ്യക്തിയായിരുന്നു. അതുകൊണ്ട് തന്നെ അവരെ മാറ്റാൻ മുൻപ് അദാനി ഗ്രൂപ്പ് പലവഴിക്ക് നീക്കം നടത്തിയിട്ടും അന്നത്തെ എൽഡിഎഫ് സർക്കാർ അതിന് വഴങ്ങിയിരുന്നില്ലെന്നും, എന്നാൽ പുതിയ മുഖ്യമന്ത്രി ചാർജെടുത്ത ഉടൻ തന്നെ ആ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനചലനം ഉണ്ടായെന്നും കെ. കെ. രാഗേഷ് ആരോപിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *