സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. നേരത്തെ പാർലമെന്റ് പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെയാണ് ചരിത്രപരമായ ഈ മാറ്റത്തിന് വഴിയൊരുങ്ങിയത്. അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ ഉടൻ തന്നെ വിജ്ഞാപനം പുറപ്പെടുവിക്കും.
ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഭരണഘടനയിൽ ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നായി മാറും. കൂടാതെ ഇംഗ്ലീഷ് അടക്കമുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിന് പകരം ‘Government of Keralam’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തി തുടങ്ങുകയും ചെയ്യും.



