കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നതിന്റെ മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. പരസ്യപ്രചാരണത്തിന്റെ ആരവങ്ങൾ ഒഴിഞ്ഞതോടെ, വോട്ടർമാരെ നേരിൽക്കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികളും രാഷ്ട്രീയ പ്രവർത്തകരും. ഇതിനിടെ, വോട്ടെടുപ്പിനായുള്ള സുപ്രധാന ഒരുക്കങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി. വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം അതത് മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു. വോട്ടെടുപ്പ് സുഗമമാക്കുന്നതിന് 48 മണിക്കൂർ നേരത്തേക്ക് ‘സൈലൻസ് പീരിയഡ്’ നിലവിൽ വന്നതോടെ മണ്ഡലങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബൂത്തുകളുടെ 100 മീറ്റർ പരിധിയിൽ പ്രചാരണം നടത്തുന്നതിനോ മൈക്ക്, ലൗഡ്സ്പീക്കർ എന്നിവ ഉപയോഗിക്കുന്നതിനോ കടുത്ത നിരോധനമുണ്ട്.
പോളിംഗ് ദിനമായ നാളെ സംസ്ഥാനത്ത് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പോളിംഗ്, ഡിസ്ട്രിബ്യൂഷൻ, റിസപ്ഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. വോട്ടെടുപ്പ് ദിവസം ക്രമസമാധാനം ഉറപ്പാക്കാൻ ഡ്രൈ ഡേയും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മതിദായകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, വോട്ട് രേഖപ്പെടുത്തുന്നതിന് ബി.എൽ.ഒ നൽകിയ വോട്ടർ സ്ലിപ്പ് മാത്രം മതിയാകില്ല എന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് വോട്ടർമാർ നിർബന്ധമായും കയ്യിൽ കരുതണം. വോട്ടെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ ഏപ്രിൽ 29 വരെ എക്സിറ്റ് പോളുകൾക്കും ഒപ്പീനിയൻ പോളുകൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ നിരോധനം ലംഘിച്ച് അഭിപ്രായ സർവേകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർമാർ മുന്നറിയിപ്പ് നൽകി.



