India Mirror News

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു; പുനലൂരിൽ 36.5 ഡിഗ്രി, ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു; പുനലൂരിൽ 36.5 ഡിഗ്രി, ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് താപനില തുടർച്ചയായി വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി രംഗത്തെത്തി. പുനലൂരിൽ ഇന്നലെ ഉയർന്ന താപനില 36.5 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി. കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങളും സ്ഥാപനങ്ങളും അടിയന്തര മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും, പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, പാദരക്ഷകൾ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നതിനൊപ്പം ഒ.ആർ.എസ് ലായനി, സംഭാരം എന്നിവ ഉപയോഗിക്കാനും പകൽ സമയത്ത് മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കാനും അധികൃതർ ആവശ്യപ്പെട്ടു.

അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് അനുയോജ്യമാണ്. സ്കൂളുകളിൽ കുടിവെള്ള ലഭ്യതയും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കുന്നതിനൊപ്പം വെയിലേൽക്കുന്ന രീതിയിലുള്ള അസംബ്ലികളും ഉച്ചസമയത്തെ പഠനയാത്രകളും ഒഴിവാക്കേണ്ടതാണ്. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാർ എന്നിവർക്ക് ഉച്ചസമയത്ത് തണലും വിശ്രമവും ഉറപ്പാക്കാൻ സ്ഥാപനങ്ങളും തൊഴിലുടമകളും ശ്രദ്ധിക്കണം. കൂടാതെ, മാർക്കറ്റുകളിലും ഡംപിങ് യാർഡുകളിലും തീപിടിത്ത സാധ്യത തടയാൻ ഫയർ ഓഡിറ്റ് നടത്താനും, കാട്ടുതീ വ്യാപനം ഒഴിവാക്കാൻ വനമേഖലകളിൽ കൂടുതൽ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ഉച്ചവെയിലിൽ മൃഗങ്ങളെ മേയാൻ വിടുന്നതും പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകുന്നതും പൂർണമായി ഒഴിവാക്കേണ്ടതാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *