India Mirror News

പ്രളയത്തെ തടയാൻ അത്യാധുനിക സാങ്കേതികവിദ്യ: ‘കേരള ഫ്ലെഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാൻ സംസ്ഥാന സർക്കാർ

പ്രളയത്തെ തടയാൻ അത്യാധുനിക സാങ്കേതികവിദ്യ: ‘കേരള ഫ്ലെഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാൻ സംസ്ഥാന സർക്കാർ

കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും മൂലം സംസ്ഥാനത്തുണ്ടാകുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കുന്നതിനായി ‘കേരള ഫ്ലെഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ (Kerala Flood Resilience Initiative) നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഐ.ഐ.ടി റൂർക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധർ അടങ്ങിയ സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള മികച്ച പ്രളയ പ്രതിരോധ സംവിധാനത്തിന്റെ സമഗ്ര രൂപരേഖ അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയമായ മുന്നൊരുക്കങ്ങളാണ് വിദഗ്ധ സംഘം നിർദേശിച്ചിരിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റിമോട്ട് സെൻസിംഗ്, ഹൈഡ്രോഡൈനാമിക് മോഡലിംഗ്, കൃത്യതയാർന്ന മഴ പ്രവചന സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് പ്രളയ സാധ്യതയുള്ള പ്രദേശങ്ങൾ നേരത്തെ കണ്ടെത്താനും കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും ഈ പദ്ധതി വഴി സാധിക്കും. കൂടാതെ, പുഴകളിലെയും കായലുകളിലെയും എക്കലും മണ്ണും നീക്കം ചെയ്യുന്നത് ജലത്തിന്റെ ഒഴുക്കിനെയും പ്രകൃതിയെയും എങ്ങനെ ബാധിക്കുമെന്ന് ശാസ്ത്രീയമായി പഠിച്ച ശേഷമേ നടപ്പാക്കാവൂ എന്നും ഐ.ഐ.ടി സംഘം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ സാങ്കേതിക പ്രായോഗികതയും സാമ്പത്തിക ബാധ്യതകളും പരിശോധിക്കാൻ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും നിർദേശം നൽകിയ മുഖ്യമന്ത്രി, ഒരു മാസത്തിനകം സംയുക്ത റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നതതല യോഗത്തിൽ റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ, പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ജലവിഭവ മന്ത്രി മോൻസ് ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഐ.എ.എസ് തുടങ്ങിയവർ പങ്കെടുത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *