India Mirror News

ഭരണസ്തംഭനം വിദ്യാഭ്യാസ മേഖലയെ തളർത്തുന്നു; വി. ശിവൻകുട്ടി

ഭരണസ്തംഭനം വിദ്യാഭ്യാസ മേഖലയെ തളർത്തുന്നു; വി. ശിവൻകുട്ടി

സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണം വൈകുന്നത് പൊതുവിദ്യാഭ്യാസ മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും മന്ത്രിസഭ അധികാരമേൽക്കാത്തത് വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എസ്എസ്എൽസി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങൾ ഇതിന്റെ ഉദാഹരണമാണെന്നും വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ മന്ത്രിയില്ലാത്തത് തടസ്സമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂൾ തുറക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കൽ, പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും തുടങ്ങിയ നിർണ്ണായക പ്രവർത്തനങ്ങൾ ഇപ്പോൾ അവതാളത്തിലായിരിക്കുകയാണ്.

മന്ത്രിതലത്തിലുള്ള നിരന്തരമായ നിരീക്ഷണവും ഏകോപനവും ആവശ്യമുള്ള സമയത്ത് ഭരണപരമായ നേതൃത്വമില്ലാത്തത് വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ശിവൻകുട്ടി മുന്നറിയിപ്പ് നൽകി. കേന്ദ്ര സർക്കാർ എസ്എസ്‌കെ ഫണ്ട് നിർത്തലാക്കിയ സാഹചര്യത്തിൽ, മുൻപ് മന്ത്രിതലത്തിൽ ഇടപെട്ട് സംസ്ഥാന സർക്കാർ പണം ലഭ്യമാക്കിയാണ് അധ്യാപക പരിശീലനവും ജീവനക്കാരുടെ ശമ്പളവും മുടങ്ങാതെ കൊണ്ടുപോയിരുന്നത്. എന്നാൽ നിലവിലെ അനിശ്ചിതത്വം ഈ മേഖലയെ നിശ്ചലമാക്കിയിരിക്കുകയാണ്. മികച്ച മുന്നൊരുക്കങ്ങളിലൂടെ കഴിഞ്ഞ കാലങ്ങളിൽ കുതിപ്പ് നടത്തിയ പൊതുവിദ്യാഭ്യാസ വകുപ്പിന് ഈ പിന്നോട്ടടി വലിയ ആഘാതമാകുമെന്നും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച ശുഭവാർത്തകൾ വരുന്നതിനിടെയാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഈ ഭരണപരമായ പ്രതിസന്ധി ചർച്ചയാകുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *