സംസ്ഥാനത്ത് സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതിനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായി സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. ഇത് യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്ത് സിനിമയ്ക്ക് വ്യവസായ പദവി നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. വ്യവസായ പദവി ലഭിക്കുന്നതോടെ സർക്കാരിന്റെ ബജറ്റ് വ്യവസായ വികസന വിഹിതം സിനിമ മേഖലയ്ക്കും പ്രയോജനപ്പെടുത്താനാകും. തീയേറ്ററുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തീയേറ്റർ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷന്റെ നിയമനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥാപനം കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാൻ ആവശ്യത്തിന് സമയവും പ്രവർത്തന പരിചയവുമുള്ളവരെയായിരിക്കും ഭരണസാരഥ്യത്തിലേക്ക് പരിഗണിക്കുക. സമയം മാറ്റിവെക്കാൻ സാധിക്കാത്ത പ്രമുഖരെ തലപ്പത്തേക്ക് കൊണ്ടുവരില്ലെന്നും, അക്കാദമികളിൽ ഉദ്യോഗസ്ഥ ഭരണം അനുവദിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നതിലും അവാർഡുകൾ നൽകുന്നതിലും ഉപരിയായി സമൂഹത്തിൽ നല്ല സിനിമാ സാക്ഷരത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അക്കാദമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.



