സംസ്ഥാനത്ത് മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വീടുകളിൽ വെള്ളം കയറി ദുരിതത്തിലായ എല്ലാവർക്കും പതിനായിരം രൂപ വീതം നൽകുമെന്നും ഈ ആനുകൂല്യം ലഭിക്കാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയണമെന്ന നിർബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകൾ പൂർണ്ണമായി തകർന്നവർക്ക് ആറു ലക്ഷം രൂപയും വീടും സ്ഥലവും ഒരുപോലെ നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയും അനുവദിക്കും. സ്വന്തം വീടുകളിലേക്ക് ഉടൻ മടങ്ങാൻ സാധിക്കാത്തവർക്ക് വാടക തുക നൽകുന്നതിനൊപ്പം, വെള്ളപ്പൊക്ക ദുരിതം നേരിട്ടവർക്ക് ദിവസേന 300 രൂപ വീതവും വെള്ളം കയറി നഷ്ടമുണ്ടായ കട ഉടമകൾക്ക് പതിനായിരം രൂപ വീതവും സഹായം ലഭ്യമാക്കും.
കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക 25 ശതമാനം വർദ്ധിപ്പിച്ചതായി അറിയിച്ച മുഖ്യമന്ത്രി, തീരദേശ സംരക്ഷണത്തിനായി കടൽഭിത്തി നിർമ്മാണം വേഗത്തിലാക്കുമെന്നും കൂടുതൽ ജിയോ ബാഗുകൾ സ്ഥാപിക്കുമെന്നും കൂട്ടിച്ചേർത്തു. തീരവാസികൾക്കായുള്ള ‘പുനർ ഗേഹം’ പദ്ധതി തുക വർദ്ധിപ്പിച്ച് കൂടുതൽ ആനുകൂല്യങ്ങളോടെ പുതിയ പദ്ധതിയായി പരിഷ്കരിക്കും. രാജ്യത്തിന് തന്നെ മാതൃകയാകുന്ന രീതിയിൽ ആധുനിക ദുരന്തനിവാരണ പരിപാടികളും കൃത്യമായ കാലാവസ്ഥാ പ്രവചന സംവിധാനങ്ങളും നടപ്പിലാക്കും. ഇതിനുപുറമേ, ഡാമുകളിലെ മണ്ണും ചെളിയും നീക്കുന്നതിനും ആധുനിക ഡാം മാനേജ്മെന്റ് രീതികൾക്കുമുള്ള പദ്ധതികൾ തയ്യാറാക്കാൻ റവന്യൂ, ജലവിഭവ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മഴ മാറിയാലുടൻ ഇതിന്റെ പ്രവൃത്തികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴയിൽ ഇതുവരെ സംസ്ഥാനത്ത് 26 പേർ മരണപ്പെടുകയും നാലുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നിലവിൽ 452 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. പ്രാഥമിക കണക്കെടുപ്പനുസരിച്ച് 67.44 കോടി രൂപയുടെ നഷ്ടവും 1882 ഹെക്ടറിലായി 23,537 കർഷകരെ ബാധിച്ച കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനിടെ, ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ രാജേഷിന് സർക്കാർ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട നൽകുമെന്നും, അദ്ദേഹത്തിന്റെ പണിപൂർത്തിയാകാത്ത വീട് സർക്കാർ നിർമ്മിച്ചു നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



