സംസ്ഥാനത്ത് കാലവർഷക്കെടുതിയെ തുടർന്ന് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ചങ്ങനാശ്ശേരിയിലെ ഒരു ക്യാമ്പിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്ന വിഷയം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ നിലവിൽ ദുരിതം മാത്രമാണ് ഉള്ളതെന്നും വ്യക്തമാക്കി. താൻ മൂന്ന് മണിക്കല്ലേ ഭക്ഷണം കഴിച്ചത് എന്നാണ് ഇതിനോട് വി.ഡി. സതീശൻ തിരിച്ചുചോദിക്കുന്നത്. 2018-2019 കാലഘട്ടത്തിൽ മികച്ച ഏകോപനം ഉണ്ടായിരുന്നുവെങ്കിലും നിലവിൽ ഭരണതലത്തിൽ യാതൊരു ഏകോപനവുമില്ല. ഭക്ഷണം നൽകാൻ സന്നദ്ധ സംഘടനകൾ തയ്യാറായി നിൽക്കുമ്പോഴും പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ധാരണ മുഖ്യമന്ത്രിക്ക് ഇല്ലെന്നും, ഈ വിഷയത്തിൽ പാർട്ടിക്ക് യാതൊരു രാഷ്ട്രീയവുമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇതിനുപുറമേ, പുനർജനി കേസിൽ കുറ്റവിമുക്തനാണെന്ന് ആഭ്യന്തര മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി പറയിപ്പിക്കുകയായിരുന്നുവെന്നും വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുനർജനിയുടെ ഭാഗമായി പിരിച്ചെടുത്ത പണം എവിടെയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പദ്ധതിയിലൂടെ 216 വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു വീടെങ്കിലും കൊടുത്തതായി തെളിയിക്കാൻ കഴിയുമോയെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.



