സംസ്ഥാന സർക്കാരിന്റെ മാതൃകാപരമായ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ വൻ ജനകീയ മുന്നേറ്റമാക്കാൻ പ്രമുഖ മതനേതാക്കളും സംഘടനകളും രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ടെത്തി ഔദ്യോഗികമായി ‘തൂഫാൻ വാരിയർ’ ബാഡ്ജ് ധരിപ്പിച്ചു. ലഹരിമുക്ത കേരളം എന്നത് ഓരോ പൗരന്റെയും ആഗ്രഹമാണെന്നും സർക്കാരിന്റെ ഈ മികച്ച പദ്ധതിയെ പൂർണ്ണമായി അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെന്ന് കാന്തപുരം മുസ്ലിയാർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ പള്ളികളിലടക്കം ലഹരിക്കെതിരായ ബോധവൽക്കരണം നടത്തുന്ന കാര്യം സംഘടനയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ജാതിമത ഭേദമന്യേ എല്ലാവരെയും ‘തൂഫാൻ വാരിയർ’ ആക്കിക്കൊണ്ട് ഈ പോരാട്ടം വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രമുഖ പ്രസ്ഥാനങ്ങളുടെ പിന്തുണ സർക്കാരിന്റെ പോരാട്ടങ്ങൾക്ക് വലിയ ഊർജ്ജമാണ് നൽകുന്നതെന്ന് വ്യക്തമാക്കിയ ആഭ്യന്തരമന്ത്രി, മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ തുടങ്ങിയ മറ്റ് ഭാഷകളിലും പദ്ധതിയുടെ പ്രചാരണം വിപുലമായി നടത്തുമെന്ന് അറിയിച്ചു.
യുഡിഎഫ് സർക്കാരിന്റെ ഏറ്റവും വലിയ ഈ സ്വപ്നപദ്ധതിയിലൂടെ കേരളത്തെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിച്ചു വരുന്നത്. വരാനിരിക്കുന്ന ലോക ലഹരിവിരുദ്ധ ദിനമായ ഈ മാസം 26-ന് സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും വിപുലമായ ജനകീയ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എംപിമാർ, എംഎൽഎമാർ, തദ്ദേശ സ്ഥാപന പ്രതിപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ വിദ്യാലയങ്ങളിലും അന്ന് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും സ്കൂളുകളിൽ തൂഫാൻ പതാക ഉയർത്തി വിദ്യാർത്ഥികളെക്കൊണ്ട് ലഹരിവിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്യും. എറണാകുളത്ത് നടക്കുന്ന സംസ്ഥാനതല പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനൊപ്പം ആഭ്യന്തരമന്ത്രിയും നേരിട്ട് പങ്കെടുക്കും. മൊത്തം മൂന്ന് ഘട്ടങ്ങളിലായാണ് ഓപ്പറേഷൻ തൂഫാൻ നടപ്പിലാക്കുന്നത്. പൊലീസിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി റെയ്ഡുകൾ നടത്തുന്ന ‘തൂഫാൻ സ്ട്രൈക്സ്’ എന്ന ഒന്നാം ഘട്ടത്തിലൂടെ ഇതിനകം തന്നെ 15 കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും മയക്കുമരുന്നുകളും പിടികൂടിക്കഴിഞ്ഞു. 17 ദിവസങ്ങൾ പിന്നിട്ട ഈ ആദ്യഘട്ടം ഇപ്പോഴും ശക്തമായി തുടരുകയാണ്.
സമൂഹത്തിലെ ഓരോ വ്യക്തിയെയും ലഹരിക്കെതിരായ പോരാളിയാക്കി മാറ്റുന്ന ‘തൂഫാൻ വാരിയർ’ ആണ് പദ്ധതിയുടെ രണ്ടാമത്തെ ഘട്ടം. ലഹരിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി ആവശ്യമായ ചികിത്സയും കൗൺസിലിംഗും നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ‘തൂഫാൻ കെയർ’ ആണ് മൂന്നാം ഘട്ടം. ഇതിനായി വിവിധ മത, സാമൂഹിക, സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ നിരവധി പുനരധിവാസ കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ വിപ്ലവകരമായ പദ്ധതിക്കായി നടപ്പു ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ലഹരി മാഫിയയെ കണ്ടെത്താൻ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുമെന്നും ആഭ്യന്തരമന്ത്രി വിശദീകരിച്ചു. ഈ പോരാട്ടം കുറച്ചുദിവസങ്ങൾ കൊണ്ട് അവസാനിക്കുന്ന ഒരു പ്രഹസനമാണെന്ന് ലഹരി മാഫിയ കരുതേണ്ടെന്നും യാതൊരു കാരണവശാലും അന്വേഷണം നിർത്തിവെക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. മയക്കുമരുന്ന് കച്ചവടക്കാരെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കേരളത്തെ പൂർണ്ണമായും ലഹരിമുക്തമാക്കുന്നത് വരെ ശക്തമായ പൊലീസ് നടപടികൾ തുടരുമെന്നും രാഷ്ട്രീയത്തിന് അതീതമായി കേരളം ഒറ്റക്കെട്ടായി ഈ പോരാട്ടത്തിൽ പങ്കാളികളാകണമെന്നും രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു.



