കണ്ണൂർ പാനൂരിൽ സർവകലാശാലാ ഗസ്റ്റ് ലക്ചററായ ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ, കേസിലെ മുഖ്യപ്രതിയും പെൺകുട്ടിയുടെ സുഹൃത്തുമായ ശരണിനെതിരെ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. തലശ്ശേരി ബസ് സ്റ്റാൻഡിന് സമീപം വെച്ച് ശരൺ ആദിത്യയെ ക്രൂരമായി മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ശരണുമായുള്ള സൗഹൃദത്തിൽ നിന്നും ആദിത്യ പിന്മാറാൻ ശ്രമിച്ചതാണ് മർദ്ദനത്തിന് കാരണമായത്. ഇതിന് പുറമെ ആദിത്യയെ കുറിച്ച് അപകീർത്തികരമായ രീതിയിലുള്ള മോശം സന്ദേശങ്ങൾ ശരൺ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അയച്ചിരുന്നതായും ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കഴിഞ്ഞ എട്ടാം തീയതി തലശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് പ്രതി മകളെ മർദ്ദിച്ചിരുന്നുവെന്ന് ആദിത്യയുടെ അമ്മ നൽകിയ പരാതിയിലും വ്യക്തമാക്കിയിരുന്നു. ഈ ക്രൂരമായ മർദ്ദനത്തിലും അപമാനത്തിലും മനംനൊന്താണ് ആദിത്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
തലശ്ശേരിയിൽ വെച്ച് മർദ്ദനമേറ്റ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആദിത്യ വീട്ടിനുള്ളിൽ ആത്മഹത്യാശ്രമം നടത്തുന്നത്. ഈ ദിവസങ്ങൾക്കിടയിൽ പ്രതിയുടെ ഭാഗത്തുനിന്ന് മറ്റെന്തെങ്കിലും തരത്തിലുള്ള ഭീഷണികളോ മാനസിക പീഡനങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യമാണ് പൊലീസ് ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്. വിവാഹാലോചനയിലൂടെയാണ് ഇരുവരും ആദ്യം പരിചയപ്പെടുന്നത്. പത്ത് മാസം മുൻപ് ശരൺ ആദിത്യയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് വീട്ടിലെത്തിയിരുന്നെങ്കിലും യുവതിയുടെ കുടുംബാംഗങ്ങൾക്ക് താല്പര്യമില്ലാതിരുന്നതിനാൽ ഈ ആലോചന മുന്നോട്ട് പോയില്ല. എന്നാൽ പിന്നീട് വീട്ടുകാർ അറിയാതെ ഇരുവരും പരസ്പരം സൗഹൃദം തുടർന്നു. ഇതിനിടയിൽ ആദിത്യയുടെ മറ്റ് സൗഹൃദങ്ങളെ ശരൺ സംശയത്തോടെ നോക്കിക്കാണാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഈ സംശയരോഗം കാരണം ബന്ധം അവസാനിപ്പിക്കാൻ ആദിത്യ തീരുമാനിച്ചതോടെ ശരൺ മർദ്ദനത്തിലേക്ക് കടക്കുകയും ബന്ധുക്കൾക്കിടയിൽ യുവതിയെ മോശക്കാരിയായി ചിത്രീകരിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയുമായിരുന്നു.
കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസിലെ ഗസ്റ്റ് ലക്ചററായിരുന്ന ആദിത്യ കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ആത്മഹത്യാശ്രമം നടന്ന അന്നുതന്നെ കുടുംബം പാനൂർ പൊലീസിൽ കൃത്യമായ പരാതി നൽകുകയും ആൺസുഹൃത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി ശരണിനെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ഇയാളുടെ വീടിന് സമീപത്ത് വെച്ചാണ് പാനൂർ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളിലാണ് പൊലീസ്.



