സിനിമ സംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾ ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് സംവിധായകൻ കമൽ അഭിപ്രായപ്പെട്ടു. വലിയ പാരമ്പര്യമുള്ള സംഘടനയാണ് ‘അമ്മ’യെന്നും എന്നാൽ അവിടെ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടി അൻസിബയെ തീവ്രവാദി, ജിഹാദി എന്നിങ്ങനെ അഭിസംബോധന ചെയ്തത് സംഘടനയുടെ ആഭ്യന്തര പ്രശ്നമെന്നതിലുപരി അതീവ ഗൗരവമുള്ള വിഷയമാണെന്നും അൻസിബ ഉന്നയിച്ച കാര്യങ്ങൾ കൃത്യമായി കേൾക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള സിനിമയിൽ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാർ സാന്നിധ്യമുണ്ടെന്നും ഇതിനെ അതീവ ജാഗ്രതയോടെ കാണേണ്ടതുണ്ടെന്നും കമൽ ചൂണ്ടിക്കാട്ടി. സംഘടനയിൽ ആര് പ്രസിഡന്റോ സെക്രട്ടറിയോ ആകുന്നു എന്നതിനേക്കാൾ ഉപരി അൻസിബ മുന്നോട്ടുവെച്ച വിഷയങ്ങൾ കേൾക്കാനാണ് മുൻഗണന നൽകേണ്ടതെന്നും, വ്യക്തമായ കാഴ്ചപ്പാടുള്ള കുട്ടിയാണ് അൻസിബയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടന നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ മോഹൻലാലും മമ്മൂട്ടിയും മൗനം വെടിഞ്ഞ് ഇടപെടണമെന്നും അവർ മാറി നിൽക്കാൻ പാടില്ലെന്നും കമൽ ആവശ്യപ്പെട്ടു. അതേസമയം, സംഘടനയിലെ ഇത്തരം ആഭ്യന്തര തർക്കങ്ങൾ മൊത്തത്തിൽ മലയാള സിനിമയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:
You can share this post!
administrator



